[]ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് അമേരിക്ക അംഗീകാരം നല്‍കി. ഇതോടെ ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ കിട്ടും.
ദേവയാനിയുടെ യു.എന്‍ ദൗത്യസംഘത്തിലേക്കുള്ള മാറ്റത്തിന് ജനവരി എട്ടുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് യു.എസ് വിദേശകാര്യ വകുപ്പ് അനുമതി നല്‍കിയത്. ജനുവരി എട്ടു മുതല്‍ നയതന്ത്രജ്ഞ എന്ന നിലയിലുള്ള പൂര്‍ണ പരിരക്ഷ അവര്‍ക്ക് ലഭിക്കും.
ഇതോടെ ദേവയാനി യു.എസ് കോടതി വ്യവസ്ഥയുടെ പുറത്തായതായും വിദേശകാര്യവകുപ്പ് വ്യക്തമാക്കി.
അതേസമയം, പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിച്ചതിനാല്‍ തന്റെ മേലിലുള്ള കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേവയാനി യു.എസ് കോടതിയെ സമീപിച്ചു.
പൂര്‍ണ നയതന്ത്ര പരിരക്ഷയ്ക്ക് വിദേശകാര്യ വകുപ്പ് അനുമതി നല്‍കിയതിനാല്‍ കേസിന് നിയമസാധുതയില്ലെന്നും റദ്ദാക്കണമെന്നും കാണിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ കോടതി വാദം കേള്‍ക്കും. ഇതിന് ശേഷമായിരിക്കും വിധി പറയുക.
കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനി നേരത്തേയും ന്യൂയോര്‍ക്ക് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യു.എസ് അറ്റോര്‍ണി പ്രീതം ഭരാരെ അപേക്ഷയെ എതിര്‍ത്തിരുന്നു. ഭരാരെയുടെ വാദത്തിനുള്ള മറുപടി ആയാണ് ദേവയാനി പുതിയ അപേക്ഷ നല്‍കിയത്.
ഇതിനിടെ ദേവാനിപ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കരുതെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഏതൊരു വലിയ കൂട്ടുകെട്ടിനിടയിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് സൂസന്‍ റൈസ് പറഞ്ഞു.