ദേവയാനിക്ക് യു.എസ്. വിലക്കേര്‍പ്പെടുത്തി
World
ദേവയാനിക്ക് യു.എസ്. വിലക്കേര്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2014, 7:15 am

[]വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെക്ക് യു.എസ്. വിലക്കേര്‍പ്പെടുത്തി.

നിലവില്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷ ഇല്ലാത്തതിനാല്‍ അവര്‍ക്കെതിരെ ഉടന്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുമെന്നും ഭാവിയില്‍ വിസ ലഭിക്കുന്നത് ഒഴിവാക്കാന്‍ ദേവയാനിയുടെ പേര് വിസകുടിയേറ്റ വകുപ്പില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും യു.എസ്. അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി മാത്രമേ ഇനി ദേവയാനിക്ക് യു.എസിലേക്ക് പ്രവേശിക്കാനാകൂ. രണ്ട് കുട്ടികളെ പെട്ടെന്നുതന്നെ ഇന്ത്യയിലെത്തിക്കും.

അമേരിക്കയില്‍ ഇല്ലെങ്കിലും ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് യു.എസ്. വക്താവ് ജന്‍ സാക്കി പറഞ്ഞു. നിലവില്‍ ദേവയാനിയെ അസ്വീകാര്യയായ വ്യക്തിയായിട്ടായിരിക്കും യു.എസ്. പരിഗണിക്കുക.

വ്യാഴാഴ്ച്ചയാണ് ഇവര്‍ക്കുമേല്‍ യു.എസ് വിസചട്ടലംഘനക്കുറ്റം ചുമത്തിയത്. എന്നാല്‍, രാജ്യത്തില്ലാത്തതിനാല്‍ ദേവയാനിക്കെതിരെ നിലവില്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടില്ല.

ദേവയാനിക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യ ഇന്നലെ യു.എസ്സിനോട് ആവശ്യപ്പെട്ടു. ദേവയാനി കുറ്റക്കാരിയല്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അതേസമയം, തനിക്കെതിരായ കേസ് ഒഴിവാക്കാന്‍ ദേവയാനി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ സമീപിച്ചു. പൂര്‍ണ നയതന്ത്രപരിരക്ഷയുള്ളതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ദേവയാനിയുടെ വാദം.

നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന ഉടമ്പടിയിലെ 31ാം വകുപ്പ് അനുസരിച്ച് കേസ് തള്ളണമെന്ന് അപേക്ഷയില്‍ പറയുന്നു.

യു.എസ്സില്‍നിന്ന് ഇന്ത്യയിലെത്തിയ ദേവയാനി ശനിയാഴ്ച വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെയും വിദേശകാര്യ സെക്രട്ടറി സുജാത സിങ്ങിനെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.