ആദര്‍ശ് ഫ്‌ളാറ്റ്: ദേവയാനി കുറ്റക്കാരിയെന്ന് ആരോപണം, ആരോപണത്തെ എതിര്‍ത്ത് ദേവയാനിയുടെ പിതാവ്
India
ആദര്‍ശ് ഫ്‌ളാറ്റ്: ദേവയാനി കുറ്റക്കാരിയെന്ന് ആരോപണം, ആരോപണത്തെ എതിര്‍ത്ത് ദേവയാനിയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th April 2014, 12:11 pm

[share]

[] മുംബൈ: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്ക്ക് വിവാദമായ ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റുള്ളതായി സി.ബി.ഐയ്ക്ക് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവയാനി സി.ബി.ഐ അന്വഷണം നേരിട്ടേക്കും.

സര്‍ക്കാര്‍ ക്വോട്ടയില്‍ തനിക്ക് ഫഌറ്റ് ലഭിച്ച വിവരങ്ങള്‍ മറച്ചുവെച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് ദേവയാനി കുപ്രസിദ്ധമായ ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റ് തരപ്പെടുത്തിതെന്നാണ് സൂചന. മഹാരാഷ്ട്രയിലില്‍ 10ഉം കൊച്ചിയില്‍ രണ്ടും ഉത്തര്‍പ്രദേശിലെ ഒരു ഫഌറ്റുമടക്കം ദേവയാനിയ്ക്ക് മൊത്തം 11 ഫഌറ്റുകളുള്ളതായി നേരത്തേ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ട് ദേവയാനി കുറ്റക്കാരിയല്ലെന്ന വാദവുമായി അവരുടെ പിതാവ് ഉത്തം ഖൊബ്രഗഡെ രംഗത്തെത്തി. ദേവയാനി കുറ്റക്കാരിയല്ല. ദേവയാനിക്ക് വേണ്ടി താനാണ് ഫഌറ്റിന് അപേക്ഷ നല്‍കിയത്. സത്യവാങ്മൂലവും താന്‍ തന്നെയാണ് നല്‍കിയത്. അപേക്ഷയില്‍ താന്‍ എന്താണ് നല്‍കിയതെന്ന് ദേവയാനിക്ക് അറിയുകയില്ല- അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദി താനാണ് ദേവയാനിയല്ലെന്നും  തന്റെ ഉത്തരവാദിത്വം മറ്റൊരാളിലേക്ക് ആരോപിക്കാനാകില്ലെന്നും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ആദര്‍ശ് സൊസൈറ്റിയുടെ നിര്‍മ്മാണത്തിന് വേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തതായി ഇദ്ദേഹത്തിനെതിരെയും ആരോപണമുണ്ട്.

വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയാണെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയിരുന്നെങ്കിലും അവര്‍ കുറ്റക്കാരിയാണെന്ന് യു.എസ് ഗ്രാന്‍ഡ് ജൂറി വിധിച്ചിരുന്നു.

15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വിസതട്ടിപ്പ് കേസും വ്യാജരേഖ ചമച്ചതുമായ കുറ്റങ്ങളാണ് ദേവയാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെടുകയും ഇതേതുടര്‍ന്ന് ഫെബ്രുവരിയിലാണ് ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തിയത്.