| Friday, 19th January 2024, 11:18 am

ബ്രേക്കിങ്: കൊവിഡ് പിടി മുറുക്കുന്നു, സൂപ്പര്‍ താരം പുറത്ത്; ഞെട്ടി ന്യൂസിലാന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് പുറത്തുവിട്ട പ്രസ്താവനയിലാണ് കോണ്‍വേയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോണ്‍വേക്ക് പുറമെ ബൗളിങ് കോച്ച് ആന്ദ്രേ ആദംസിനും കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഇതോടെ പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ നാലാം ടി-20 കോണ്‍വേക്ക് നഷ്ടമാകും എന്നുറപ്പായിരിക്കുകയാണ്. നേരത്തെ സൂപ്പര്‍ താരം മിച്ചല്‍ സാന്റ്‌നറിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗമുക്തനായ താരം ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.

‘ കൊവിഡ് ബാധ സ്ഥിരീകിരിച്ചതിന് പിന്നാലെ ഡെവോണ്‍ കോണ്‍വേ പാകിസ്ഥാനെതിരായ നാലാം ടി-20യില്‍ നിന്നും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ താരം ക്രൈസ്റ്റ് ചര്‍ച്ചിലെ ഹോട്ടല്‍ മുറയില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

കോണ്‍വേക്ക് പകരക്കാരനായി കാന്റര്‍ബറി ബാറ്റര്‍ ചാഡ് ബൗസ് ടീമിനൊപ്പം ചേരും,’ ന്യൂസിലാന്‍ഡ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ബൗളിങ് കോച്ച് ആന്ദ്രേ ആദംസും ഐസൊലേഷനില്‍കഴിയുകയാണ്. കാന്റര്‍ബറിയുടെ മെന്‍സ് ടീം ഡെവലപ്‌മെന്റ് കോച്ച് ബ്രണ്ടന്‍ ഡോങ്കഴ്‌സ് ആദംസിന്റെ സ്ഥാനമേറ്റെടുക്കും.

‘ബൗളിങ് കോച്ച് ആന്ദ്രേ ആദംസിനും കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. അദ്ദേഹം ടീമിന്റെ ഹോട്ടലില്‍ തുടരും. ആദംസിന്റെ സ്ഥാനത്ത് കാന്റര്‍ബറി മെന്‍സ് ഡെവലപ്മെന്റ് കോച്ച് ബ്രണ്ടന്‍ ഡോങ്കേഴ്സ് ഇന്നത്തെ മത്സരത്തില്‍ ടീമിനൊപ്പം ചേരും,’ മറ്റൊരു ട്വീറ്റില്‍ ബ്ലാക് ക്യാപ്‌സ് വ്യക്തമാക്കി.

ജനുവരി 19നാണ് ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ പരമ്പയിലെ നാലാം മത്സരം അരങ്ങേറുന്നത്. ഹാഗ്‌ലി ഓവലാണ് വേദി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ന്യൂസിലാന്‍ഡ് ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

Content highlight: Devon Conway tested Covid Positive

We use cookies to give you the best possible experience. Learn more