ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി; സൂപ്പർ താരം പുറത്തേക്ക്
Cricket
ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി; സൂപ്പർ താരം പുറത്തേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 12:07 pm

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22 മുതലാണ് കൊടിയേറുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ചെന്നൈയുടെ എതിരാളികള്‍.

ഇപ്പോഴിതാ ടൂര്‍ണ്ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചെന്നൈയുടെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെക്ക് പരിക്കിനെ തുടര്‍ന്ന് ഐ.പി.എല്ലിന്റെ ആദ്യ പകുതി നഷ്ടമാവും.

ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരത്തിലാണ് താരത്തിന് കൈവിരലിന് പരിക്കേറ്റത്. ഇതിന് പിന്നാലെ താരം ടെസ്റ്റില്‍ നിന്നും പുറത്താവുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി രണ്ട് സീസണുകളില്‍ കളിച്ച കിവീസ് താരം ഒമ്പത് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 23 മത്സരങ്ങളില്‍ നിന്നും 924 റണ്‍സാണ് നേടിയത്.

141.28 സ്ട്രൈക്ക് റേറ്റോടെ 48.63 ശരാശരിയില്‍ താരം ബാറ്റ് ചെയ്യുന്നത്. 2023 സീസണില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോണ്‍വെയാണ്. 16 മത്സരങ്ങളില്‍ നിന്ന് 672 റണ്‍സാണ് കോണ്‍വെ കഴിഞ്ഞ സീസണില്‍ നേടിയത്.

കോണ്‍വെയുടെ പരിക്കിനെ കുറിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിക്കുകയും ചെയ്തു.

‘നിരവധി സ്‌കാനുകളും വിദഗ്ധ പരിശോധനയെയും തുടര്‍ന്ന് കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കോണ്‍വേക്ക് തിരിച്ചു വരാന്‍ സമയം വേണം,’ ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Devon Conway ruled out ipl due to injury