| Wednesday, 28th February 2024, 8:54 am

ധോണിയുടെ വജ്രായുധമില്ലാതെ കങ്കാരുപ്പടക്കെതിരെ ന്യൂസിലാൻഡ്; കനത്ത തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് കളമൊരുങ്ങി കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് നാല് വരെയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ബേസിന്‍ റിസര്‍വ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡ് ടീമിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ പരിക്ക് കാരണം ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി-20 മത്സരത്തില്‍ കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം ടെസ്റ്റില്‍ നിന്നും പുറത്തായത്. മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കോണ്‍വേ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി-20യില്‍ കളിച്ചിരുന്നില്ല.

എന്നാല്‍ ഫെബ്രുവരി 27 ചൊവ്വാഴ്ച വെല്ലിങ്ടണില്‍ നടത്തിയ സ്‌കാനുകള്‍ക്ക് പിന്നാലെ താരത്തിന്റെ ഇടത് തള്ളവിരലിന് കുറച്ച് ക്ഷതം ഉണ്ടെന്ന് കണ്ടെത്തുകയും താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാവുകയുമായിരുന്നു. കോണ്‍വെക്ക് പകരക്കാരനായി ഹെന്റി നിക്കോള്‍സിനെ കിവീസ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

സൂപ്പര്‍താരത്തിന്റെ പരിക്കിനെ കുറിച്ച് ന്യൂസിലന്‍ഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പ്രതികരിക്കുകയും ചെയ്തു.

‘ഒരു പ്രധാന മത്സരത്തിന്റെ തലേന്ന് ഡെവോണ്‍ കോണ്‍വെ പുറത്തായത് നിരാശാജനകമാണ്. ഞങ്ങള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ഒരു ക്ലാസ് പ്ലെയറാണ് അദ്ദേഹം, ഈ പരമ്പരക്കായി അദ്ദേഹം ശരിക്കും കാത്തിരിക്കുകയായിരുന്നുവെന്ന് എനിക്കറിയാം,’ ഗാരി സ്റ്റെഡ് പറഞ്ഞു.

ബ്ലാക്ക് ക്യാപ്സിനായി 20 ടെസ്റ്റുകളില്‍ നിന്നും 41.58 ശരാശരിയില്‍ 1497 റണ്‍സാണ് കോണ്‍വെ നേടിയത്.

ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലന്‍ഡ് സ്‌ക്വാഡ്

ടിം സൗത്തി(ക്യാപ്റ്റന്‍) ടോം ബ്ലണ്ടെല്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റി നിക്കോള്‍സ്, മാറ്റ് ഹെന്റി, സ്‌കോട്ട് കുഗ്ഗെലിജന്‍, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, നീല്‍ വാഗ്‌നര്‍, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്.

Content Highlight: Devon Conway ruled out against the Australia test due to injury

We use cookies to give you the best possible experience. Learn more