ന്യൂസിലാന്‍ഡ് ദേശീയ ടീമിനെ പ്രതിസന്ധിയാക്കിക്കൊണ്ടാണ് താരങ്ങള്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പുതുക്കുന്നതില്‍ വിമുഖത കാണിച്ചത്. കെയ്ന്‍ വില്യംസണ്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്, തുടങ്ങിയ താരങ്ങളെല്ലാം ദേശിയ കരാറിനോട് മുഖം തിരിച്ചിരുന്നു.
സൂപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയും ഫിന്‍ അലനുമാണ് ഏറ്റവുമൊടുവില്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് നിരസിച്ചിരിക്കുന്നത്.
ഇപ്പോള്‍ എന്തുകൊണ്ട് സെന്‍ട്രല്‍ കോണ്‍ട്രാക്ട് നിരസിച്ചു എന്ന് പറയുകയാണ് കോണ്‍വേ. ഇക്കാലമത്രയും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം നിലവിലെ സാഹചര്യങ്ങള്‍ കാരണമാണ് ഈ തീരുമാനമെടുത്തതെന്നും കൂട്ടിച്ചേര്‍ത്തു.
‘എന്നെ പിന്തുണച്ച ന്യൂസിലാന്‍ഡ് ക്രിക്കറ്റിനോട് ഞാന്‍ ആദ്യമായി നന്ദി അറിയിക്കുന്നു. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തുപോവുക എന്നത് ഒരിക്കലും നിസ്സാരമായി സ്വീകരിച്ചതല്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ എനിക്കും എന്റെ കുടുംബത്തിനും ഗുണകരമാകുന്നത് ഈ തീരുമാനമായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കുക എന്നത് തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനം. അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിക്കുകയും മത്സരങ്ങള്‍ ജയിക്കുകയുമെന്നത് എന്നും എനിക്ക് ആവേശം നല്‍കിയിട്ടുള്ള കാര്യമാണ്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ തുടരവെ ഇനി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത് എനിക്ക് ഏറെ സന്തോഷം നല്‍കുന്നു. ടീമിന്റെ ഭാഗമാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ വെച്ച് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതും ഏറെ സന്തോഷം നല്‍കും,’ കോണ്‍വേ പറഞ്ഞു.
വിദേശ ടി-20, ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിനായാണ് താരങ്ങള്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് നിരസിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് ചീഫ് എക്‌സിക്യുട്ടീവായ സ്‌കോട് വിനീക്കും ഇക്കാര്യം പറഞ്ഞിരുന്നു.
നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഉയര്‍ത്തുന്ന ചില വെല്ലുവിളികളുണ്ട്, ഞങ്ങളുടെ മികച്ച കളിക്കാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു എന്നതാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം,’ അദ്ദേഹം പറഞ്ഞു. ,
Content highlight: Devon Conway explains why he rejected central contract