ആലപ്പുഴ: താൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപങ്കാളിത്തമാണ് വനിതാ മതിലിൽ കാണുന്നതെന്നും അത് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതിൽ വിജയിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ജനങ്ങൾ ഇത് ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നാട്ടിലും നഗരത്തിലുമുള്ള സ്ത്രീസമൂഹം മുഴുവനായി വനിതാമതിലിനുവേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും അവർ വന്നു നിറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു.
Also Read സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കാനാകില്ല; സമസ്ത
ആലപ്പുഴയിൽ ദൈർഖ്യമുള്ള ഒരു മതിലാണ് താൻ കണ്ടത്. സംസ്ഥാനത്ത് ഏറ്റവും നീളം കൂടുതലുള്ള വനിതാ മതിൽ 97കിലോമീറ്റർ ദൂരത്തിൽ ആലപ്പുഴയിലാണ്. പടിഞ്ഞാറ് കടലും കിഴക്ക് കായലുമായുള്ള പ്രദേശത്തിനിടയ്ക്കാണ് ജനം അണിനിരന്നിരിക്കുന്നത്.ആലപ്പുഴയിലെ മാത്രമല്ല, കോട്ടയം, വൈക്കം എന്നീ പ്രദേശങ്ങളിലെ ആളുകളും മതിലിൽ അണിനിരന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളം ഇന്ന് വരെ കണ്ടിട്ടുള്ളത്തിൽ വെച്ച് ഏറ്റവും വലിയ ഒരു ഉദ്യമമാണ് ഇതെന്ന കാര്യത്തിൽ തനിക്ക് സംശയം ഇല്ലെന്നും, ലോകത്ത് ഇതുവരെ ഇങ്ങനെയൊരു മതിൽ ആരും സംഘടിപ്പിച്ചില്ലെന്നും, വരും കാലങ്ങളിലും ഇത്രയും ജനപിന്തുണയോടെ ഒരു മതിൽ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read എന്‍.എസ്.എസിന് രാഷ്ട്രീയമില്ല; വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും സുകുമാരന്‍ നായര്‍
“മതിൽ കഴിയുമ്പോൾ കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് പറയുന്നത് ചെകുത്താന്മാരാണ്. മനുഷ്യർ അങ്ങനെ പറയില്ല.” എൻ. എസ്. എസ്. നേതാവ് സുകുമാരൻ നായരുടെ വാക്കുകളെ പരിഹസിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു. അവർ നന്മയെപ്പറ്റിയല്ല ചിന്തിക്കുന്നത്. തിന്മ മാത്രമാണ് അവരുടെ മനസ്സിൽ. ആചാരങ്ങളും അനാചാരങ്ങളും ഉണ്ടെന്നും, അതിൽ അനാചാരങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും ആദ്ദേഹം പറഞ്ഞു. ആചാര സംരക്ഷണം അല്ല നടക്കുന്നതെന്നും, തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള “അധികാരസംരക്ഷണ”മാണ് നടക്കുന്നത്. അത് ശരിയായ നടപടിയല്ല. അയ്യപ്പജ്യോതിയുടെയും മറ്റും പിന്നിൽ ഇത്തരം സ്ഥാപിത താല്പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലങ്ങളുടെ സ്വത്തുക്കളും വിശ്വാസങ്ങളും എല്ലാം ഹൈജാക്ക് ചെയ്തുകൊണ്ട് ഒരുകൂട്ടം സവർണ്ണർ അധികാരം ഉറപ്പിക്കുകയാണ്. ചാതുർവർണ്യം ഇവിടെ കൊടികുത്തി വാഴുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനോട് തെങ്ങു കയറി ചെത്താൻ പറഞ്ഞവരുടെ നാടാണിത്. അദ്ദേഹം പറഞ്ഞു.
മതിൽ വിജയമായാലും അതിന്റെ “ക്രെഡിറ്റ്” മുഖ്യമന്ത്രി പിണറായി വിജയന് മാത്രമല്ലെന്നും മതിലിൽ അണിനിരന്നവർക്ക് എല്ലാർവർക്കും കൂടിയുള്ളതായിരിക്കുമെന്നും വെളളാപ്പള്ളി പറഞ്ഞു. മതിലിൽ നിന്നുംമാറിനിൽക്കുന്നവർ മാറിനിൽക്കാതെ അതിന്റെ കാരണം വ്യക്തമാക്കണം. ഇരുപത്തിനാലുമണിക്കൂറും ജാതി പറയുന്നവരാണ് മതിലിനെ ജാതിമതിൽ എന്ന് വിളിക്കുന്നത്. രമേശ് ചെന്നിത്തലയും സുകുമാരൻ നായരും ആവർത്തിച്ചാവർത്തിച്ച് മതിലിനെ ജാതിമതിൽ എന്ന് വിളിക്കുകയാണ്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വനിതാ മതിലിന്റെ പ്രസക്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്നും വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി മുൻപ് പറഞ്ഞിരുന്നു.