ഇടുക്കി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തശേഷം അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ദേവികുളം സബ് കളക്ടര്‍ രേണുരാജ്.
കത്തിപ്പാറ സ്‌കൂളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച കെ.വി ഗോപിയാണ് മദ്യപിച്ചെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പന്റ് ചെയ്ത ശേഷം അറസ്റ്റു ചെയ്യാന്‍ സബ് കലക്ടര്‍ ഉത്തരവിടുകയായിരുന്നു.
മാങ്കുളം ചിക്കണം കുടിയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനെത്തിയ ജീപ്പ് ഡ്രൈവര്‍ ആനച്ചാല്‍ സ്വദേശി പ്രദീപിനേയും മദ്യപിച്ചെത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. അതേസമയം, ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും സബ് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഡ്യൂട്ടിക്കെത്താത്ത ജൂനിയര്‍ എംബ്ലോയിമെന്റ് ഓഫീസര്‍ എലിസബത്ത്, ആനക്കുളത്ത് ഡ്യൂട്ടിക്കെത്താത്ത ഡെന്നി അഗസ്റ്റിന്‍, ഉടുബുംചോല എ.എല്‍.പി.എസ്. സ്‌കൂളില്‍ ഡ്യൂട്ടിക്കെത്താത്ത മണികണ്ഠന്‍ എന്നിവരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്താത്ത മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തമ്പിരാജ്, പോളിങ് ബൂത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ മദ്യപിച്ചെത്തിയ ഇടുക്കി അസി. ടൗണ്‍ പ്ലാനര്‍ കെന്നഡി എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
അതേസമയം, ദേവികുളം താലൂക്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് രേണുരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.