| Wednesday, 24th April 2024, 10:22 pm

ദേവി ശ്രീ പ്രസാദാണോ സംഗീതം, എങ്കില്‍ ഇങ്ങനെയൊരു പാട്ട് നിര്‍ബന്ധാ.... ചര്‍ച്ചയായി പുഷ്പ 2 ആദ്യ സിംഗിള്‍ പ്രൊമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പുഷ്പ 2. പ്രീ റിലീസ് ബിസിനസ്സിലൂടെ മാത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ കടപുഴകുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ ഗ്ലിംപ്‌സും ടീസറും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. യൂട്യൂബിലെ സകല റെക്കൊഡും ടീസറും ഗ്ലിംപ്‌സും തകര്‍ത്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ സിംഗിളിന്റെ പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മെയ് ഒന്നിന് ഗാനം പുറത്തുവിടുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയ ഗാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദേവി ശ്രീ പ്രസാദിന്റെ സ്ഥിരം ശൈലി സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.

സിനിമയുടെ ടൈറ്റില്‍ എന്തുതന്നെയായാലും അത് രണ്ടുമൂന്നു തവണ ആവര്‍ത്തിക്കുന്ന ഒരു പാട്ടെങ്കിലും ദേവി ശ്രീ പ്രസാദ് ഉണ്ടാക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സിങ്കം സിനിമയിലെ ‘സിങ്കം സിങ്കം’, പുലിയിലെ ‘പുലി പുലി,’ ബണ്ണിയിലെ ‘ബണ്ണീ ബണ്ണീ,’ എന്നിവയൊക്കെയാണ് ദേവി ശ്രീ പ്രസാദിന്റെ ട്രേഡ്മാര്‍ക്ക് പതിഞ്ഞ ഗാനങ്ങള്‍. ഇതിലെ ഏറ്റവും പുതിയ അഡ്മിഷനാണ് പുഷ്പ 2വിലെ ‘പുഷ്പ പുഷ്പ’.

സ്റ്റൈലിഷ് സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന അല്ലുവിന്റെ ഇതുവരെ കാണാത്ത മേക്ക് ഓവറും ഡയലോഗ് ഡെലിവറിയുമായിരുന്നു പുഷ്പയില്‍ കണ്ടത്. ആന്ധ്രയിലെ ചന്ദനക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു എത്തിയത്. അല്ലുവിന്റെ വില്ലനായി മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും കട്ടക്ക് പിടിച്ചു നിന്നു. ഇരുവരും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്. ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Devi Sri Prasad’s trademark in music discussing by social media after Pushpa 2 promo

We use cookies to give you the best possible experience. Learn more