മുംബൈ: ടോക്കിയോ ഒളിംപിക്‌സില്‍ ഏറ്റവും മികച്ച മെഡല്‍ നേട്ടത്തോടെ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. നീരജിലൂടെ ഈ ഒളിംപ്കിസില്‍ ഇന്ത്യ ഒരു സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ തന്നെ രണ്ടേ രണ്ട് സ്വര്‍ണ്ണ മെഡലാണ് ഇന്ത്യയ്ക്ക് ആകെയുള്ളത്.
എന്നാല്‍ ഇന്ത്യയ്ക്കായി ലോകകായിക മാമാങ്കത്തില്‍ വ്യക്തിഗത ഇനത്തില്‍ രണ്ട് സ്വര്‍ണ്ണം നേടിയ ഒരു താരമുണ്ട്, ദേവേന്ദ്ര ജജാരിയ.
ശാരീരിക അവശതകളുള്ളവരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ ഏക വ്യക്തിയാണ് ജജാരിയ. ജാവലിന്‍ ത്രോയിലാണ് ഈ നേട്ടം.
2004 ലെ ഏഥന്‍സ് പാരാലിംപിക്‌സിലും 2016 റിയോ പാരാലിംപിക്‌സിലുമാണ് ജജാരിയ സ്വര്‍ണ്ണം നേടിയത്. ജാവലിന്‍ ത്രോയിലെ 62.15 മീറ്ററിന്റെ റെക്കോര്‍ഡും ജജാരിയയുടെ പേരിലാണ്.
2012 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയതിലൂടെ ഈ പുരസ്‌കാരം നേടുന്ന ആദ്യ പാരാലിംപിക്സ് താരമായി മാറി.
ഒരു കൈ കൊണ്ട് മാത്രം ഇതെല്ലാം നേടി എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളെല്ലാം നമ്മുടെ മനസ്സില്‍ പതിയുന്നത്.
രാജസ്ഥാനിലെ ചുറു ജില്ലയില്‍ കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എട്ടാം വയസിലാണ് ദുരന്തപുര്‍ണമായ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്നത്.
അയല്‍വാസികളായ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ മരത്തിന്റെ മുകളില്‍ കയറിയപ്പോള്‍ യാദൃശ്ചികമായി 11,000 വോള്‍ട്ടുള്ള ഇലക്ട്രിക്ക് കമ്പി പിടിക്കുകയുണ്ടായി.
ബോധം നഷ്ടപ്പെട്ട ജാജാരിയയെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഇടത് കൈ മുറിച്ചുകളയേണ്ടി വന്നു.
എന്നാല്‍ ഇതിന്റെ പേരില്‍ നിരാശനാകാതെ ഒരു കൈ കൊണ്ട് മാത്രം ജജാരിയ കായികലോകത്ത് മാന്ത്രികത സൃഷ്ടിച്ചു. ഒരു കൈകൊണ്ട് മാത്രം മത്സരിക്കാന്‍ സാധിക്കുന്ന കായികയിനങ്ങളുടെ ഭാഗമായി അദ്ദേഹം മാറി.
മുളകൊണ്ട് നിര്‍മിച്ച ജാവ്ലിന്‍ ഉപയോഗിച്ചാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളും ഗൗനിക്കാതെ അദ്ദേഹം മുന്നോട്ട് പോയത്.
ദുര്‍ബലനല്ലെന്ന് ലോകത്തെ തെളിയിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. മാതാപിതാക്കള്‍ ജജാരിയയ്ക്ക് എല്ലാ പിന്തുണയും നല്‍കി.
പത്താം ക്ലാസ് മുതല്‍ എല്ലാ ദിവസവും പരിശീലനം നടത്തി. തുടര്‍ച്ചയായ ജയങ്ങളിലൂടെ ജില്ലാ ചാമ്പ്യനായി മാറി.
ഇന്റര്‍ കോളേജ്, സംസ്ഥാന ലെവല്‍ മെഡലുകളും വാരിക്കൂട്ടി.
ഈ വര്‍ഷം ടോക്കിയോയില്‍ നടക്കാനിരിക്കുന്ന പാരാലിംപിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയെന്നതാണ് ജജാരിയയുടെ ലക്ഷ്യം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Devendra Jhajharia: The Forgotten Paralympic Gold Medallist