ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. രാജി സന്നദ്ധത ഫഡ്‌നാവിസ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തന്നെ മാറ്റണമെന്നും ഔദ്യോഗിക പദവികളില്‍ നിന്ന് മാറി, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ദേശീയ നേതൃത്വത്തോട് ഫഡ്‌നാവിസ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വെറും ഒമ്പത് സീറ്റുകള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേടിയത്.
അതേസമയം ഇന്ത്യാ മുന്നണി 22 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ നേടിയത്. ഇതില്‍ കോണ്‍ഗ്രസിന്റെ 13 സീറ്റും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ 9 സീറ്റുകളുമാണ് ഉള്‍പ്പെടുന്നത്.
ശിവസേനയെയും എന്‍.സി.പിയെയും പിളര്‍ത്തി സംസ്ഥാനത്ത് ഭരണം പിടിച്ച ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്നിലോട്ട് പോയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാജി സന്നദ്ധത അറിയിച്ച് ഫഡ്‌നാവിസ് രംഗത്തെത്തിയത്.
അതിനിടെ, മഹാരാഷ്ട്ര ബി.ജെ.പിയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍.ഡി.എയിലേക്ക് പോയ എന്‍.സി.പി അജിത് പവാര്‍ പക്ഷം തിരിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായേക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Content highlight: Devendra Fadnavis Wants To Quit As Deputy Chief Minister Over Maharashtra Result