| Wednesday, 4th December 2024, 1:03 pm

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു. സത്യപ്രതിജ്ഞ നാളെ വൈകിട്ട് അഞ്ചിന് മുംബൈ ആസാദ് മൈതാനത്ത് നടക്കും.

മഹായുതി സഖ്യം അധികാരത്തിലെത്തി 11 ദിവസത്തിന് ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തത്.

മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്‍.സി.പിയുടെ അജിത് പവാറിനൊപ്പം ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയില്‍ നടന്ന ബി.ജെ.പി യോഗത്തില്‍ പാര്‍ട്ടി നിരീക്ഷകന്‍ വിജയ് രൂപാണിയാണ് ഫഡ്‌നാവിസിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ പങ്കജ മുണ്ടെ, സുധീര്‍ മുന്‍ഗന്തിവാര്‍ എന്നിവര്‍ പിന്തുണക്കുകയും നിര്‍ദേശം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം കരസ്ഥമാക്കിയിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാവുന്നത്. വീണ്ടും മുഖ്യമന്ത്രിയാവണമെന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ നിര്‍ബന്ധമായിരുന്നു ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് താനൊരു തടസ്സമാവില്ലെന്ന് പറഞ്ഞ ഷിന്‍ഡെ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെ തീരുമാനം അനുസരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Devendra Fadnavis to become Chief Minister of Maharashtra

We use cookies to give you the best possible experience. Learn more