| Saturday, 24th October 2020, 2:51 pm

ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. ഫഡ്‌നാവിസ് തന്നെയാണ് രോഗം സ്ഥിരീകരിച്ച് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള എല്ലാവരോടും ഐസോലേഷനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം അറിയിച്ചു.

‘ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഞാന്‍ എല്ലാ ദിവസം പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ബ്രേക്ക് എടുത്ത് വിശ്രമിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.’ ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

ബീഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ഫഡ്‌നാവിസിനാണ്. ഒക്ടോബര്‍ 28ന് തെരെഞ്ഞെടുപ്പ് നടപ്പാനിരിക്കുന്നതിനിടെ തന്നെ ഫഡ്‌നാവിസിന് കൊവിഡ് ബാധിച്ചത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയത് ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Devendra Fadnavis tests Covid positive

We use cookies to give you the best possible experience. Learn more