| Tuesday, 29th October 2019, 2:32 pm

'ഒരു 50:50 ചര്‍ച്ചയും വേണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്, അഞ്ച് വര്‍ഷവും ഞാനൊറ്റക്ക് ഭരിക്കും'; ശിവസേനയെ തള്ളി ദേവേന്ദ്ര ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തില്‍ ശിവസേനയുടെ 50:50 ഫോര്‍മുല തള്ളി മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. താനായിരിക്കും അഞ്ച് വര്‍ഷത്തെയും മുഖ്യമന്ത്രിയെന്നും ഫഡ്‌നാവിസ് അവകാശപ്പെട്ടു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസമായി നില്‍ക്കുന്ന ശിവസേനയുടെ വിലപേശല്‍ ചോദ്യം ചെയ്തായിരുന്നു ഫഡ്‌നാവിസിന്റെ പരാമര്‍ശം.

‘അഞ്ച് വര്‍ഷവും മഹാരാഷ്ട്ര ഭരിക്കുന്നത് ഞാനായിരക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശവുമില്ല. രണ്ടര വര്‍ഷത്തേക്കായി മുഖ്യമന്ത്രി സ്ഥാനം വിഭജിക്കുന്ന 50:50 ഫോര്‍മുല അംഗീകരിക്കാനാവില്ല’, ഫഡ്‌നാവിസ് പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ഒരു 50:50 ചര്‍ച്ചയും വേണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. തങ്ങള്‍ക്ക് പ്ലാന്‍ ബിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ 50 വര്‍ഷത്തിനിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു

50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണവുമാണ് നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more