| Wednesday, 10th August 2022, 12:20 pm

'ആദ്യം മന്ത്രിസഭാ രൂപീകരിക്കാത്തതായിരുന്നു പ്രശ്‌നം, ഇപ്പൊ സ്ത്രീകള്‍ ഇല്ലാത്തതായി പ്രശ്‌നം'; മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തതിനെ ന്യായീകരിച്ച് ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 41 ദിവസങ്ങള്‍ക്ക് ശേഷം നടന്ന മന്ത്രിസഭാ വികസനത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തില്‍ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അടുത്ത മന്ത്രിസഭാ വികസനത്തില്‍ തീര്‍ച്ചയായും സ്ത്രീകള്‍ ഉണ്ടാകുമെന്നാണ് ഫഡ്‌നാവിസിന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസമായിരുന്നു ഏക് നാഥ് ഷിന്‍ഡെ തന്റെ മന്ത്രിസഭാ വികസനം നടത്തിയത്. 18 എം.എല്‍.എമാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ഒമ്പത് പേര്‍ ശിവസേനയില്‍ നിന്നെത്തിയ വിമതരും ബാക്കി ഒമ്പത് പേര്‍ ബി.ജെ.പിയില്‍ നിന്നുമാണ്. എന്നാല്‍ ഇവരില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരുമാസത്തിലധികം താമസമെടുത്ത് വികസിപ്പിച്ച മന്ത്രിസഭയില്‍ സ്ത്രീകള്‍ ഇല്ലാത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

മന്ത്രിസഭാ വികസനത്തോടെ ഷിന്‍ഡെ മന്ത്രിസഭയുടെ അംഗബലം 20 ആയി. വിമര്‍ശനങ്ങളോട് പ്രതികരിക്കവേ അടുത്ത മന്ത്രിസഭാ വികസനത്തില്‍ സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. നേരത്തെ മന്ത്രിസഭാ രൂപീകരിക്കാത്തതിനായിരുന്നു വിമര്‍ശനം. അത് കേട്ട് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഇല്ലാത്തതായി പ്രശ്‌നമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

2019ല്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും സ്ത്രീകളായി മന്ത്രിസഭയില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നേരത്തെ മന്ത്രിസഭാ രൂപീകരിക്കാത്തതിനായിരുന്നു വിമര്‍ശനം. അത് കേട്ട് മന്ത്രിസഭാ വികസിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഇല്ലാത്തതായി പ്രശ്‌നം. 2019ല്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും മന്ത്രിസഭയില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. അന്നൊന്നും സര്‍ക്കാരിനെ കുറ്റം പറയാന്‍ ആള്‍ക്കാരും ഉണ്ടായില്ല,’ ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

2019 നവംബറിലാണ് കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ അഞ്ച് മന്ത്രിമാര്‍ക്കൊപ്പം ഉദ്ധവ് താക്കറെ അധികാരമേറ്റത്. സ്ത്രീകളെ പിന്നീടാണ് മന്ത്രിസഭയിലേക്ക് ചേര്‍ത്തത്.

അതേസമയം മന്ത്രിസഭാ വികസനത്തെ ചൊല്ലി ബി.ജെ.പിയിലും ഷിന്‍ഡെ വിഭാഗത്തിലും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ആണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിമത നീക്കം നടത്തിയപ്പോള്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബച്ചു കദു വിമര്‍ശനമുയര്‍ത്തിയത്.
മന്ത്രിസ്ഥാനം തന്റെ അവകാശമാണെന്നും കദു പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ബി.ജെ.പിയിലും മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഷിന്‍ഡെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് റാത്തോഡിനെതിരെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.

എന്നാല്‍ റാത്തോഡിനെ നിയമിച്ച കാര്യത്തില്‍ ഏക് നാഥ് ഷിന്‍ഡെയ്ക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്നും അത് നേരത്തെ ചര്‍ച്ച ചെയ്തിരുന്നതാണെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.

18 അംഗ മന്ത്രിസഭയാണ് മഹാരാഷ്ട്രയില്‍ നിലവിലുള്ളത്.

ബി.ജെ.പിയിൽ നിന്നുള്ള മന്ത്രിമാർ:

1) ചന്ദ്രകാന്ത് പാട്ടീൽ
2)സുധീർ മുങ്കന്തിവാർ
3)ഗിരീഷ് മഹാജൻ
4) സുരേഷ് ഖാഡെ
5) രാധാകൃഷ്ണ വിഖേ പാട്ടീൽ
6) വരീന്ദ്ര ചവാൻ
7)മംഗൾ പ്രബാത് ലോധ
8) വിജയകുമാർ ഗാവിറ്റ്
9)അതുൽ സേവ്

ഏക് നാഥ് ഷിൻഡെ ക്യാമ്പ് മന്ത്രിമാർ:

1) ദാദാ ഭൂസേ
2)സന്ദീപൻ ഭുംറെ
3)ഉദയ് സാമന്ത്
4)താനാജി സാവന്ത്
5)അബ്ദുൾ സത്താർ
6)ദീപക് കേസർകർ
7)ഗുലാബ്രാവു പാട്ടീൽ
8)സഞ്ജയ് റാത്തോഡ്
9)ശംഭുരാജെ ദേശായി

Content Highlight: Devendra fadnavis responds to criticism of having no woman in newly expanded cabinet

We use cookies to give you the best possible experience. Learn more