മുംബൈ: വിശ്വാസ വോട്ടെടുപ്പിനു കാത്തുനില്‍ക്കാതെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കു നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ രൂപീകരിച്ച് നാലുദിവസത്തിനുള്ളില്‍ത്തന്നെയാണ് ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനു പടിയിറങ്ങേണ്ടി വന്നത്.
ഫഡ്‌നാവിസിന്റെ രാജിയോടെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാന്‍ അവസരമൊരുങ്ങി. ഫഡ്‌നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഫഡ്‌നാവിസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.
ആരു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താലും തങ്ങള്‍ അവരോടൊപ്പം പോകുമെന്ന് ശിവസേന തെരഞ്ഞെടുപ്പിനു മുന്‍പേ തങ്ങളോടു പറഞ്ഞിരുന്നതായി ഫഡ്‌നാവിസ് പറഞ്ഞു.
‘ബി.ജെ.പി ഭരണത്തിനായിരുന്നു ജനവിധി. ബി.ജെ.പിയെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനം തെരഞ്ഞെടുത്തത്. എന്നാല്‍ ഫലം വന്നതിനുശേഷം ശിവസേന വിലപേശല്‍ തുടങ്ങി. വാഗ്ദാനം ചെയ്തതെല്ലാം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ശിവസേന ആവശ്യപ്പെട്ടത് വാഗ്ദാനം ചെയ്യാത്ത കാര്യത്തിനാണ്. മുഖ്യമന്ത്രി പദത്തില്‍ ഒരിക്കലും ധാരണയില്ലായിരുന്നു.’- അദ്ദേഹം പറഞ്ഞു.
അജിത്തിന്റെ രാജിക്കാര്യം കോണ്‍ഗ്രസ് നേതാക്കളാണ് അറിയിച്ചത്. എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ചര്‍ച്ചയും പൂര്‍ത്തിയാക്കി ഗവര്‍ണറെ സമീപിക്കാനാരിക്കെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി എന്‍.സി.പി നേതാവായിരുന്ന അജിത് പവാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയത്.
ഫഡ്നാവിസിന് പിന്തുണ നല്‍കി ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുകയും അജിത് പവാറിന് ബി.ജെ.പി ഉപമുഖ്യമന്ത്രി പദവി നല്‍കുകയും ചെയ്തു.
എന്‍.സി.പി ക്യാമ്പിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു അജിത് പവാറിന്റെ നടപടി. ഇതിന് പിന്നാലെ എന്‍.സി.പി നടപടികള്‍ ശക്തമാക്കുകയും അജിത് പവാറിനൊപ്പം പോയ എം.എല്‍എമാരെ തിരികെ എന്‍.സി.പിക്യാമ്പില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഇല്ലെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം 168 എം.എല്‍.എമാരെ ഇന്ന് അണിനിരത്തിയതോടെ അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഒന്നുമില്ലെന്ന കാര്യം വ്യക്തമായിരുന്നു.