മഹാരാഷ്ട്രയില്‍ ഇനി നടക്കുന്ന സത്യപ്രതിജ്ഞ മുമ്പത്തെപോലെ പുലര്‍ച്ചെയാവില്ല; ദേവേന്ദ്ര ഫഡ്‌നാവിസ്
national news
മഹാരാഷ്ട്രയില്‍ ഇനി നടക്കുന്ന സത്യപ്രതിജ്ഞ മുമ്പത്തെപോലെ പുലര്‍ച്ചെയാവില്ല; ദേവേന്ദ്ര ഫഡ്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd November 2020, 11:26 pm

മുംബൈ: മഹാരാഷ്ട്ര ഭരിക്കുന്ന ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഉടന്‍ താഴെ വീണാല്‍ മുമ്പത്തെ പോലെ സത്യപ്രതിജ്ഞ ചടങ്ങ് പുലര്‍ച്ചെ നടക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

ഇത്തരം സംഭവങ്ങള്‍ ഇനി ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഔറംഗാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഫഡ്‌നാവിസിന്റെ പരാമര്‍ശം.

മഹാരാഷ്ട്രയില്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കേന്ദ്രമന്ത്രി റാവു സാഹേബ് ഡാന്‍വെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

‘മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ വരില്ലെന്ന് നിങ്ങള്‍ കരുതരുത്. അടുത്ത രണ്ട്-മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സര്‍ക്കാരുണ്ടാക്കും. കണക്കുകള്‍വെച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍’, എന്നായിരുന്നു ഡാന്‍വെ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഈ ദിവസമായിരുന്നു മഹാരാഷ്ട്രയില്‍ എന്‍.സി.പിയിലെ അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചത്.

എന്നാല്‍ ഇരുവരുടേയും സത്യപ്രതിജ്ഞ കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ താഴെ വീണു. അജിത് പവാറിനെ തിരിച്ചെത്തിച്ച് ശരദ് പവാര്‍ നടത്തിയ നീക്കമാണ് ബി.ജെ.പിയ്ക്ക് തുടര്‍ഭരണം നഷ്ടമാക്കിയത്.

ഇതിന് പിന്നാലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാ വികാസ് അഘഡി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ബി.ജെ.പിയ്ക്ക് 105 സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Devendra Fadnavis On Maharashtra Government