അപ്രതീക്ഷിതം: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിഞ്ജ ചെയ്തു
national news
അപ്രതീക്ഷിതം: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിഞ്ജ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 8:24 am

ന്യൂല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഉപമുഖ്യമന്ത്രിയായി എന്‍.സി.പിയുടെ അജിത് പവാറാണ് ചുമതലയേറ്റത്

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജനങ്ങളുടെ താല്‍പര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറാകാതെ വന്നതോടെ മുന്‍ സഖ്യകക്ഷികളായിരുന്ന ബി.ജെ.പിയും ശിവസേനയും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് ശിവസേനയും കോണ്‍ഗ്രസും എന്‍.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉദ്ധവ് താക്കറെ ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നായിരുന്നുഏറ്റവും ഒടുവിലത്തെ കൂടികാഴ്ച്ചയില്‍ തീരുമാനമായിരുന്നത്.

എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷത നീക്കത്തിനൊടുവിലാണ് ബി.ജെ.പിയും എന്‍.സി.പിയും കൈകോര്‍ക്കുന്നത്.

എന്‍.സി.പി നേതാവ് ശരദ് പവാറും നരേന്ദ്രമോദിയും ബുധനാഴ്ച്ച ദല്‍ഹിയില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതേ യോഗത്തില്‍ തന്നെ അമിത്ഷായും നിര്‍മ്മലാ സീതാരാമനും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ രാഷ്ട്രീയ നാടകത്തിന് ശരദ്പവാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല.