| Monday, 19th June 2023, 8:20 am

ദേശീയവാദികളായ മുസ്‌ലിങ്ങള്‍ ഔറംഗസേബിനെ അംഗീകരിക്കുന്നില്ല; ശിവാജിയാണ് ഞങ്ങളുടെ ഒരേയൊരു രാജാവ്: ദേവേന്ദ്ര ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദേശീയവാദികളായ മുസ്‌ലിങ്ങള്‍ മുഗള്‍ രാജവംശത്തെ അവരുടെ നേതാക്കായി പരിഗണിക്കാറില്ലെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഔറംഗസേബിന്റെ പിന്‍ഗാമികളല്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അകോലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.

‘അകോലയില്‍ എന്താണ് സംഭവിക്കുന്നത്. സംഭാജിനഗറിലും കോലാപൂരിലും സംഭവിച്ചത് യാദൃശ്ചികമല്ല. ഇതൊരു പരീക്ഷണമാണ്. എങ്ങനെയാണ് സംസ്ഥാനത്ത് ഔറംഗസേബിന് ഇത്രയധികം അനുഭാവികള്‍ ഉണ്ടായത്.

ഔറംഗസേബ് എങ്ങനെയാണ് നമ്മുടെ നേതാവായത്. ഛത്രപതി ശിവാജി മഹാരാജാവാണ് ഞങ്ങളുടെ ഒരേയൊരു രാജാവ്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ പോലും ഔറംഗസേബിന്റെ പിന്‍ഗാമികളല്ല. ഔറംഗസേബിന്റെ പിന്‍ഗാമികളാരാണെന്ന് എന്നോട് പറഞ്ഞു തരൂ. ഔറംഗസേബും അദ്ദേഹത്തിന്റെ പൂര്‍വികരും പുറത്ത് നിന്ന് വന്നവരാണ്.

ഈ രാജ്യത്തെ ദേശീയവാദികളായ മുസ്‌ലിങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. ശിവജി മഹാരാജാവിനെയാണ് തങ്ങളുടെ നേതാവായി അവര്‍ അംഗീകരിക്കുന്നത്,’ ഫഡ്‌നാവിസ് പറഞ്ഞു.

ഔറംഗബാദ് ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിച്ചതിന് വഞ്ചിത് ബഹുജന്‍ അഗാഡി (വി.ബി.എ) നേതാവ് പ്രകാശ് അംബേദ്ക്കറിനെയും അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രവര്‍ത്തിയെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ അംഗീകരിക്കുന്നുണ്ടോ എന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഈ വര്‍ഷാരംഭത്തില്‍ ഫഡ്‌നാവിസും താക്കറേയും സഖ്യത്തിലായിരുന്നു.

ഔറംഗസേബിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെ പേരില്‍ മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച അംബേദ്ക്കര്‍ ശവകുടീരം സന്ദര്‍ശിച്ചത്.

പ്രകാശ് അംബേദ്ക്കര്‍ എന്ത് ആവശ്യത്തിനാണ് ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപാട് കാലം ഔറംഗസേബ് നമ്മുടെ രാജ്യം ഭരിച്ചെന്നാണ് അംബേദ്ക്കര്‍ പറഞ്ഞത്. ഹിറ്റ്‌ലര്‍ ജര്‍മനി ഭരിച്ച പോലെ. ഒരുപാട് പേര്‍ ഹിറ്റലറെ ദൈവത്തെ പോലെ കണക്കാക്കുന്നുണ്ട്. ഇത് നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ഉദ്ധവ് താക്കറെ അംബേദ്ക്കറുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് താക്കറെ അംബേദ്ക്കറിന്റെ പ്രവര്‍ത്തി അംഗീകരിക്കുന്നുണ്ടോ.

ആരാണ് ഔറംഗസേബിന്റെ പിന്‍ഗാമികളെ സംസ്ഥാനത്ത് സൃഷ്ടിച്ചത്. സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടും,’ ഫഡ്‌നാവിസ് പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പില്‍ കോലാപൂരില്‍ ഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രം വാട്‌സആപ്പ് സ്റ്റാറ്റസ് ആക്കിയതിന്റെ പേരില്‍ സംഘര്‍ഷം നടന്നിരുന്നു.

content highlights: devendra fadnavis about aurangaseb

We use cookies to give you the best possible experience. Learn more