| Thursday, 10th March 2022, 11:41 am

വികസന പദ്ധതികളെല്ലാം വേഗത്തിലാക്കണം; സ്വന്തം പടം ഫ്‌ളക്‌സില്‍ കാണുന്നത് എനിക്ക് അലര്‍ജിയാണ് വേണമെങ്കില്‍ ഒരു പടമാവാം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പദ്ധതികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. വയനാടില്‍ കളക്ടറേറ്റില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഏഴുകോടി 65 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് മണ്ഡലത്തില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ 4.6 കോടിയുടെ പ്രവൃത്തികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.

ഈ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വിവിധ വകുപ്പ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജില്ലയില്‍ പി.എം.ജി.എസ് പദ്ധതിയില്‍ കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രവൃത്തി പുരോഗമിച്ച് വരുന്ന റോഡുപണികളില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതി ലഭിക്കുന്നുണ്ടെന്നും പ്രവൃത്തികള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ കൂടുതല്‍ സി.ആര്‍.എഫ്. ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.

അതേസമയം, സ്വന്തം പടങ്ങള്‍ കാണുന്നത് തനിക്ക് അലര്‍ജിയാണെന്നും അത്യാവശ്യമെങ്കില്‍ ഒരു പടം ആവാമെന്നും നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എം.എല്‍.എ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിലും വേദിയിലും പരിസരത്തുമെല്ലാം തന്റെ ഫോട്ടോ കണ്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.


Content Highlights: Development projects should be expedited Rahul Gandhi

We use cookies to give you the best possible experience. Learn more