തങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയുമെന്നും എന്നാല്‍ അഴിമതിക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമെന്നും മോദി പറഞ്ഞു.
മുംബൈ: സത്യസന്ധരല്ലാത്തവരുടെയും അഴിമതിക്കാരുടെയും ബുദ്ധിമുട്ടുകള്‍ വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിനുശേഷം സത്യസന്ധരായ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയുമെന്നും എന്നാല്‍ അഴിമതിക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമെന്നും മോദി പറഞ്ഞു. മുംബൈയില്‍ രണ്ടു മെട്രോ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നുവെന്ന് മോദി ആവര്‍ത്തിച്ചു. വരുന്ന ദിവസങ്ങളിലെ പ്രയാസങ്ങളും ജനം സഹിക്കുമെന്ന് ഉറപ്പുണ്ട്. നല്ല നാളേക്കായിട്ടാണ് സര്‍ക്കാര്‍ ധീരമായ തീരുമാനം കൈക്കൊണ്ടതെന്നും മോദി പറഞ്ഞു. നോട്ട് നിരോധനത്തിന് 125 കോടി ജനങ്ങളും പൂര്‍ണ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ അഴിമതിയെയും കള്ളപ്പണത്തെയും സ്വീകരിക്കില്ല. അധികാരത്തില്‍ എത്തിയതു മുതല്‍ അഴിമതിക്കെതിരായ തങ്ങളുടെ പോരാട്ടം ആരംഭിച്ചു. നോട്ട് നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അറിയാം. എന്നാല്‍, അവര്‍ സര്‍ക്കാരുമായി സഹകരിക്കുന്നുവെന്നും മോദി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. പക്ഷേ, അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിജയം വരെയും ഈ യുദ്ധം തുടരും.