| Tuesday, 19th May 2020, 6:03 pm

ദേവഗൗഡയുടെ പിറന്നാളിനെത്തി; ഒപ്പമിരുന്നുണ്ട് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തുടരും എന്ന സന്ദേശം നല്‍കി ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ദിവസങ്ങളായി വലിയ ആള്‍ക്കൂട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. തന്റെ പിറന്നാളായ തിങ്കളാഴ്ച ആരും ആശംസകള്‍ നേരുന്നതിന് വേണ്ടി വസതിയിലേക്ക് എത്തേണ്ടതില്ലെന്ന് ദേവഗൗഡ അഭ്യര്‍ത്ഥിച്ചിരുന്നു.സാമൂഹ്യ അകലം പാലിച്ച് ജനതാദള്‍ എസ് ഓഫീസില്‍ 88 കിലോയുടെ കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തിയിരുന്നു.

വസതിയിലേക്ക് ആരും വരേണ്ടതില്ലെന്ന് ദേവഗൗഡ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പിറന്നാള്‍ ആഘോഷത്തിന് ഒരു അതിഥി എത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറായിരുന്നു അത്. വലിയ പൂക്കൂടയുമായാണ് ശിവകുമാര്‍ ദേവഗൗഡയുടെ വസതിയിലെത്തിയത്.

ദേവഗൗഡയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ശിവകുമാര്‍ ഊണുകഴിച്ചാണ് മടങ്ങിയത്. 1989ല്‍ ദേവഗൗഡയെയും 1999ല്‍ മകന്‍ എച്ച്.ഡി കുമാരസ്വാമിയെയും നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിട്ടുണ്ട് ശിവകുമാര്‍. 2018ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് -ജനതാദള്‍ സഖ്യ സര്‍ക്കാര്‍ സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ശിവകുമാറായിരുന്നു. സഖ്യസര്‍ക്കാര്‍ താഴെ വീണതിന് ശേഷം ജനതാദളുമായി പിരിഞ്ഞ് ഒറ്റക്ക് പോവാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യം.

ശിവകുമാറിന്റെ സന്ദര്‍ശനം പറയുന്നത് മറ്റൊന്നാണെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വരും കാലങ്ങളിലും കോണ്‍ഗ്രസ് ജനതാദളുമായി സഖ്യം തുടരുവാനാണ് താല്‍പര്യപ്പെടുന്നത് എന്ന സന്ദേശമാണ് ശിവകുമാര്‍ നല്‍കിയതെന്നാണ് നിരീക്ഷകരുടെ പക്ഷം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more