മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണയ്ക്കും; സിദ്ധരാമയ്യയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പ്രശ്‌ന പരിഹാര ഫോര്‍മുല മുന്നോട്ടുവെച്ച് ദേവഗൗഡ
ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നില്‍ സിദ്ധരാമയ്യയാണെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാന്‍ വേണമെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കൊണ്ടു വരാനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും ദേവഗൗഡ ഡി.കെ ശിവകുമാറടക്കമുള്ളവരെ ദേവഗൗഡ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയിലെ എം.എല്‍.എമാരുടെ കൂട്ടരാജിയ്ക്ക് പിന്നില്‍ സിദ്ധരാമയ്യയാണെന്നും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ വിമതരായതെന്നും ദേവഗൗഡ പ്രതികരിച്ചിട്ടുണ്ട്.
2005 ല്‍ ജെ.ഡി.എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് സിദ്ധരാമയ്യ. കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വന്നത് മുതല്‍ സിദ്ധരാമയ്യ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ജെ.ഡി.എസിന് ആരോപണുമുണ്ട്. ഈ സാഹചര്യത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കാമെന്ന് ദേവഗൗഡ അറിയിച്ചത്.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അമേരിക്കയില്‍നിന്ന് തിരികെയെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ജെ ഡി എസ് എം എല്‍ എമാരുടെ യോഗം ഇന്നു രാത്രി ഒരു ഹോട്ടലില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
11 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് കര്‍ണാടകയില്‍ രാജിവെച്ചത്. ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്.