| Saturday, 13th June 2020, 7:41 am

ദേവഗൗഡയും ഖാര്‍ഗെയും രാജ്യസഭയിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ നാല് രാജ്യസഭാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ, മുന്‍ ലോക്‌സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബി.ജെ.പി നോമിനേറ്റ് ചെയ്ത അശോക് ഗസ്തി, ഇറാന കദാദി എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1996 ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് ദേവഗൗഡ രാജ്യസഭയിലേക്കെത്തുന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദേവഗൗഡയ്ക്കും ഖാര്‍ഗെയ്ക്കും രാജ്യസഭയിലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 45 വോട്ടുകള്‍ വേണമെന്നിരിക്കെ നിയമസഭയില്‍ 34 സീറ്റുകളുള്ള ജെ.ഡി.എസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നു.

മുന്‍ കേന്ദ്രമന്ത്രികൂടിയായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആദ്യമായാണ് രാജ്യസഭയിലേക്ക് പോകുന്നത്. 2019ല്‍ ഗുല്‍ബര്‍ഗയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉമേഷ് ജാദവിനോട് തോറ്റിരുന്നു.

ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനാല്‍ നാലുപേരും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. ജൂണ്‍ 19നാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കര്‍ണാടകയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more