കര്‍ണാടകയില്‍ തുടര്‍ച്ചയായി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ വീണ്ടും ബി.ജെ.പിയിലേക്ക് ചായ്‌വ് എന്ന സൂചന നല്‍കി ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ദേവഗൗഡ പറഞ്ഞത്.
രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന.
‘യെദ്യൂരപ്പ ഒരു ശത്രുവാണോ? ഞാനും സിദ്ധരാമയ്യയും പണ്ട് തമ്മില്‍ പോരാടിയിട്ടുണ്ടാവാം. പക്ഷേ, കഴിഞ്ഞ ദിവസംകൂടി ഞങ്ങള്‍ ബല്ലാരിയിലും ഷിമോഗയിലും ഒരുമിച്ച് വേദി പങ്കിട്ടല്ലോ. എന്താണ് എപ്പോഴാണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല’, ദേവഗൗഡ പറഞ്ഞു.
രാഷ്ട്രീത്തില്‍ സ്ഥിരമായി ശത്രുക്കളും മിത്രങ്ങളുമില്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് എല്ലാം മാറിമറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും തന്റെ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്നും അവര്‍ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കട്ടെ എന്നും ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞത്.
‘കുമാരസ്വാമി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. അടുത്ത മൂന്നു കൊല്ലവും എട്ടുമാസവും യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക ഭരിക്കട്ടെ. എനിക്ക് അദ്ദേഹത്തെ താഴെയിറക്കണ്ട. എനിക്ക് പാര്‍ട്ടി കെട്ടിപ്പടുത്താല്‍ മതി. നാളെ തെരഞ്ഞെടുപ്പ് നടന്നാല്‍ 224 സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശേഷി എനിക്കുണ്ടോ.’- ദേവഗൗഡ ചോദിച്ചു.
‘ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബലം സിദ്ധരാമയ്യക്കുണ്ടാവും. അദ്ദേഹം ന്യൂനപക്ഷ-ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ നേതാവാണ്. അത്തരം നേതാക്കളെയൊന്നും എനിക്കറിയില്ല. നാളെ ഒരു തെരഞ്ഞെടുപ്പു വന്നാല്‍ 224 സീറ്റിലേയ്ക്ക് എനിക്ക് ആളെ നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് യെദ്യൂരപ്പ ഭരിച്ചോട്ടെ എന്ന് പറയുന്നത്. എനിക്ക് സമയം കിട്ടുകയാണെങ്കില്‍ പോരാടാന്‍ സാധിക്കും.’- ദേവഗൗഡ പറഞ്ഞു.
സഖ്യസര്‍ക്കാര്‍ താഴെ വീണശേഷം കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് പോര് രൂക്ഷമാണ്. മാണ്ഡ്യ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് ദേശീയ നേതൃത്വമല്ലെന്നും സിദ്ധരാമയ്യ പാര്‍ട്ടിയെ നയിച്ചതിനാലാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷായാണെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കണമെന്നും അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ