| Friday, 8th March 2024, 7:03 pm

മൂന്ന് മാച്ചില്‍ അവന്‍ അടിച്ചതിനേക്കാള്‍ റണ്‍സ് അരങ്ങേറ്റത്തില്‍; ഇന്ത്യ ഇത് നേരത്തെ ചെയ്യേണ്ടിയിരുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത് അരങ്ങേറ്റക്കാരനാണ് ഇന്ത്യ ധര്‍മശാലയില്‍ അവസരം നല്‍കിയത്. രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലിക്ക് പകരം ടീമിലെത്തിയ രജത് പാടിദാര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. പിന്നാലെ ആകാശ് ദീപും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

അഞ്ചാം മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനാണ് ഇന്ത്യ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റ മത്സരത്തിന് അവസരം നല്‍കിയത്. രജത് പാടിദാറിന് പകരമാണ് പടിക്കല്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമായത്.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് ദേവ്ദത്ത് പടിക്കല്‍ തിളങ്ങിയത്. 103 പന്ത് നേരിട്ട് പത്ത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 65 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയടിച്ച് തിളങ്ങിയ പടിക്കലിന് ആശംസാപ്രവാഹമാണ്. അതിനൊപ്പം തന്നെ രജത് പാടിദാറിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

പരമ്പരയില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും പാടിദാര്‍ നേടിയതിനേക്കാള്‍ റണ്‍സ് ഒറ്റ ഇന്നിങ്‌സില്‍ തന്നെ പടിക്കല്‍ നേടിയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ഇന്നിങ്‌സില്‍ നിന്നും വെറും 63 റണ്‍സാണ് പാടിദാര്‍ നേടിയത്. ഇതോടെ പടിക്കലിനെ ഇന്ത്യ നേരത്തെ പരിഗണിക്കേണ്ടിയിരുന്നു എന്നും ആരാധകര്‍ പറയുന്നുണ്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ് ലി പരമ്പരയില്‍ നിന്നും മാറി നിന്നതോടെയാണ് പാടിദാര്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. വിരാടിന് പകരക്കാരനായി ടീമിലെത്തിയ പാടിദാറില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചതിന്റെ ഒരംശം പോലും താരത്തിന് തിരികെ നല്‍കാന്‍ സാധിച്ചിട്ടില്ല.

ഈ പരമ്പരയില്‍ ബാറ്റ് ചെയ്ത ആറ് ഇന്നിങ്സില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 30+ സ്‌കോര്‍ കണ്ടത്തൊന്‍ സാധിച്ചത്. രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇരട്ടയക്കം കണ്ടത് വെറും രണ്ട് ഇന്നിങ്‌സിലാണ്.

10.50 ശരാശയില്‍ 63 റണ്‍സാണ് താരം ആകെ നേടിയത്.

ആദ്യ ടെസ്റ്റ് – DNB

രണ്ടാം ടെസ്റ്റ് – 32 (72), 9 (19)

മൂന്നാം ടെസ്റ്റ് – 5 (15), 0 (10),

നാലാം ടെസ്റ്റ് – 17 (42), 0 (6) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ താരത്തിന്റെ പ്രകടനം.

ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ ആരാധകരും പാടിദാറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം, അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 255 റണ്‍സിന് മുന്നിട്ട് നില്‍ക്കുകയാണ്. നിലവില്‍ 473ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നിരയില്‍ തിളങ്ങി. പടിക്കലിന് പുറമെ യശസ്വി ജെയ്‌സ്വാളും സര്‍ഫറാസ് ഖാനും അര്‍ധ സെഞ്ച്വറികളുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ഗില്‍ 150 പന്തില്‍ 110 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായപ്പോള്‍ 162 പന്തില്‍ 103 റണ്‍സാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. പടിക്കല്‍ 103 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും നേടി പുറത്തായി.

Content Highlight: Devdutt Padkkal scored more runs in his maiden test innings than Rajat Patidar scored in 3 tests

Latest Stories

We use cookies to give you the best possible experience. Learn more