ഐ.പി.എല്ലിന്റെ പതിനാറാം എഡിഷനിലേക്കുള്ള താരലേലത്തിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കാനുള്ള സമയം അവസാനിക്കാറായി.
എന്നാല്‍ റിലീസിനൊരുക്കുന്ന താരങ്ങളുടെയും ടീമില്‍ നില നിര്‍ത്തുന്നവരുടെയും കാര്യത്തില്‍ പല ടീമുകളും ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലെ ഇടംകൈയന്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ റിലീസ് ചെയ്‌തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ക്രിക് ബസായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നത്. നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.
എന്നാല്‍ സൂപ്പര്‍താരവും ഇടംകൈയന്‍ ഓപ്പണറുമായ പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തന്നെ നിലനിര്‍ത്തുമെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ സീസണില്‍ 7.75 കോടി രൂപക്കാണ് താരം രാജസ്ഥാനിലെത്തിയത്.
തുടക്കത്തില്‍ മോശം പ്രകടനം കാഴ്ച വെക്കാനേ താരത്തിന് കഴിഞ്ഞിരുന്നുള്ളുവെങ്കിലും സമീപകാല ആഭ്യന്തര ഫോമാണ് താരത്തെ തുണച്ചത്.
അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ കര്‍ണാടകയുടെ ഓപ്പണറായ പടിക്കല്‍ 62 പന്തില്‍ പുറത്താകാതെ 124 റണ്‍സ് നേടിയിരുന്നു. മഹാരാജ ടി-20 ടൂര്‍ണമെന്റില്‍ ക്വാളിഫയറില്‍ 96 ഉം ഫൈനലില്‍ 56 റണ്‍സും നേടാന്‍ താരത്തിനായി.
താരത്തെ നിലനിര്‍ത്തുമെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചതോടെ സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് വരും സീസണിലും കാണുമെന്നുറപ്പായി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി 122.87 സ്‌ട്രൈക്ക് റേറ്റിലും 22.11 ശരാശരിയിലുമാണ് ദേവ്ദത്ത് പടിക്കല്‍ ബാറ്റ് ചെയ്തത്. ഐ.പി.എല്ലില്‍ തന്റെ മൂന്ന് സീസണുകളിലെ താരത്തിന്റ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്.
കഴിഞ്ഞ തവണ ഓപ്പണിങ്ങിന് പുറമെ നാലാം നമ്പറില്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് പരീക്ഷിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. ടീം ഇന്ത്യക്കായി രണ്ട് ടി-20 മത്സരങ്ങള്‍ കളിച്ച താരത്തിന് 22 റണ്‍സ് മാത്രമാണ് അക്കൗണ്ടിലുള്ളത്.
സഞ്ജു സാംസണിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റാസ്സീ വാന്‍ ഡര്‍ ഡസ്സന്‍, ന്യൂസിലാന്‍ഡ ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കി.
കഴിഞ്ഞ സീസണില്‍ രണ്ട് മത്സരം കളിച്ച ഡസ്സനും മൂന്ന് മത്സരങ്ങളില്‍ പങ്കെടുത്ത മിച്ചലിനും തിളങ്ങാനായിരുന്നില്ല. കഴിഞ്ഞ മെഗാ താരലേലത്തിന്റെ അവസാന നിമിഷങ്ങളിലാണ് ഇരുവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയത്.
Content Highlights: Devdutt Padikkal will continue with Rajasthan Royals