| Saturday, 6th January 2024, 12:55 pm

സഞ്ജുവും കൂട്ടരും കൈവിട്ടുകളഞ്ഞവന്റെ വെടിക്കെട്ട് അവസാനിക്കുന്നില്ല; 150ലും നില്‍ക്കാതെ മുമ്പോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ മികച്ച നിലയില്‍ കര്‍ണാടക. ആദ്യ ഇന്നിങ്‌സില്‍ 142 റണ്‍സിന്റെ ലീഡ് നേടിയാണ് കര്‍ണാടക ബാറ്റിങ് തുടരുന്നത്.

ഡി. ആര്‍. ബെന്ദ്രെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല പഞ്ചാബിന് ലഭിച്ചത്. സൂപ്പര്‍ താരം പ്രഭ്‌സിമ്രാന്‍ സിങ് 14 പന്തില്‍ അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ നമാന്‍ ധീര്‍ നാല് റണ്‍സിനും ക്യാപ്റ്റന്‍ മന്ദീപ് സിങ് ഒരു റണ്‍സിനും പുറത്തായി.

79 പന്തില്‍ 44 റണ്‍സ് നേടി നേഹല്‍ വധേരയാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. 44 പന്തില്‍ 27 റണ്‍സ് നേടിയ ഗീതാന്‍ഷ് ഖേര, 40 പന്തില്‍ 26 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 44 പന്തില്‍ പുറത്താകാതെ 26 റണ്‍സടിച്ച മായങ്ക് മാര്‍ക്കണ്ഡേ എന്നിവരാണ് പഞ്ചാബ് സ്‌കോറിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയത്.

ഒടുവില്‍ 152 റണ്‍സിന് പഞ്ചാബ് ആദ്യ ഇന്നിങ്‌സ് പോരാട്ടം അവസാനിപ്പിച്ചു.

കര്‍ണാടകക്കായി വി. കൗശിക് ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വൈശാഖ് വിജയ് കുമാര്‍ രണ്ടും രോഹിത് കുമാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടകക്ക് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയാണ് അഗര്‍വാള്‍ മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കല്‍ ഓപ്പണര്‍ രവികുമാര്‍ സമര്‍ത്ഥിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 76 റണ്‍സാണ് ഇവര്‍ ടോട്ടലിലേക്ക് സംഭാവന ചെയ്തത്. 62 പന്തില്‍ 38 റണ്‍സ് നേടിയ സമര്‍ത്ഥിനെ പ്രേരിത് ദത്തയാണ് പുറത്താക്കിയത്.

നാലാം നമ്പറിലിറങ്ങിയ നിഖിന്‍ ജോസ് സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാതെ മടങ്ങി. എന്നാല്‍ അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡേയെത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും ജിവന്‍ വെച്ചു. പടിക്കല്‍ – പാണ്ഡേ കൂട്ടുകെട്ടില്‍ കര്‍ണാടക ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു.

രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 148 റണ്‍സിന്റെ ലീഡാണ് കര്‍ണാടകക്കുള്ളത്. ദേവ്ദത്ത് പടിക്കലിന്റെ ഇന്നിങ്‌സാണ് കര്‍ണാടകക്ക് തുണയായത്. 294ന് മൂന്ന് എന്ന നിലയിലാണ് കര്‍ണാടക രണ്ടാം ദിനം ലഞ്ചിന് പിരിഞ്ഞത്.

183 പന്തില്‍ 157 റണ്‍സ് നേടിയാണ് നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍ തുടരുന്നത്. ഐ.പി.എല്‍ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് പടിക്കലിനെ ലഖ്‌നൗവിന് കൈമാറിയിരുന്നു. ട്രേഡിലൂടെയാണ് ആവേശ് ഖാനെ ടീമിലെത്തിച്ച് റോയല്‍സ് പടിക്കലിനെ ലഖ്‌നൗവിന് നല്‍കിയത്.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും പടിക്കല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

117 പന്തില്‍ പുറത്താകാതെ 87 റണ്‍സ് നേടിയാണ് മനീഷ് പാണ്ഡേ പടിക്കലിന് മികച്ച പിന്തുണയുമായി ക്രീസില്‍ തുടരുന്നത്.

ഇതുവരെ പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, പ്രേരിത് ദത്ത, നമാന്‍ ധീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Devdutt Padikkal’s brilliant innings in Ranji Trophy

We use cookies to give you the best possible experience. Learn more