| Wednesday, 5th April 2023, 7:09 pm

സഞ്ജുവിനെ പിന്നോട്ടടിക്കുന്നതിലെ പ്രധാനി; രാജസ്ഥാന്റെ ആയുധപ്പുരയിലെ മൂര്‍ച്ച നഷ്ടപ്പെട്ട ഉടവാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് പഞ്ചാബിനെയാണ് രാജസ്ഥാന് നേരിടാനുള്ളത്.

രാജസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ടീമിന്റെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ആധിയാണ് ആരാധകര്‍ക്കുള്ളത്. നാലാം നമ്പറില്‍ ഇറങ്ങുന്ന ദേവ്ദത്ത് പടിക്കലിനെ കുറിച്ചാണ് ആരാധകര്‍ തങ്ങളുടെ ആശങ്ക പങ്കുവെക്കുന്നത്.

സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ പരാജയപ്പെട്ടിരുന്നു. മുമ്പ് ഓപ്പണറുടെ റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പടിക്കലിന് നാലാം നമ്പറില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

ഓപ്പണറുടെ റോളില്‍ ബട്‌ലറും ജെയ്‌സ്വാളും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ താരത്തിന് ഓപ്പണറുടെ റോളില്‍ പ്രതീക്ഷയര്‍പ്പിക്കാനും സാധിക്കില്ല.

നാലാം നമ്പറില്‍ ടീമിനെ പിടിച്ചുനിര്‍ത്താന്‍ പോന്ന ഇന്നിങ്‌സുകളൊന്നും ഡി.ഡി.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സ് നേടിയാണ് പടിക്കല്‍ മടങ്ങിയത്. രാജസ്ഥാന്റെ മുന്‍ സീസണിലെ പല മത്സരങ്ങളിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിലെ ഫൈനലിലും ദയനീയ പ്രകടനമായിരുന്നു താരം നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ പത്ത് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സ് മാത്രമാണ് പടിക്കലിന് നേടാന്‍ സാധിച്ചത്.

രാജസ്ഥാന് വേണ്ടി ബാറ്റേന്തിയ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ദേവ്ദത്ത് പടിക്കല്‍ ഇരട്ടയക്കം കണ്ടത്.

2 (5), 2 (10), 9 (12), 28 (20), 3 (9) എന്നിങ്ങനെയാണ് താരത്തിന്റെ അവസാന അഞ്ച് മത്സരത്തിലെ പ്രകടനം.

താരത്തിന്റെ മോശം പ്രകടനം ആരാധകരെ നിരാശരാക്കുന്നുണ്ട്. ബര്‍സാപരയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ദേവ്ദത്തിന് ഇടം ലഭിക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മികച്ച സ്‌ക്വാഡ് ഡെപ്തുള്ള രാജസ്ഥാന്‍ വീണ്ടും ദേവ്ദത്തിനെ ഉപയോഗിച്ച് ഒരു പരീക്ഷണത്തിന് മുതിരുമോ എന്നും കണ്ടറിയണം.

Content Highlight: Devdutt Padikkal’s bad performance for Rajasthan Royals

We use cookies to give you the best possible experience. Learn more