| Thursday, 24th March 2022, 4:52 pm

ഭീഷ്മ പര്‍വ്വം കണ്ടിട്ട് ആദ്യം വിളിച്ച സെലിബ്രിറ്റി ആ യുവ സംവിധായകനാണ്: ദേവദത്ത് ഷാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടേത്. 26 കാരനായ ദേവദത്താണ് അമല്‍ നീരദിനൊപ്പം സിനിമയുടെ തിരക്കഥയെഴുതിയത് എന്ന് പലര്‍ക്കും വിശ്വസിക്കാനായില്ല. കുമ്പളങ്ങി നൈറ്റ്‌സില്‍ അസോസിയേറ്റ് ഡയറക്ടാറായി സിനിമാ കരിയര്‍ ആരംഭിച്ച ദേവദത്തിന്റെ ആദ്യത്തെ തിരക്കഥ കൂടിയാണ് ഭീഷ്മ പര്‍വ്വം.

ഭീഷ്മ കണ്ട് തന്നെ ആദ്യം വിളിച്ച സെലിബ്രിറ്റിയാരാണെന്ന് പറയുകയാണ് ദേവദത്ത്. ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭീഷ്മ പര്‍വ്വം കണ്ടിട്ട് ആദ്യം വിളിച്ച സെലിബ്രിറ്റി ബേസിലേട്ടനാണ്. പടം കണ്ടിട്ട് ഹാപ്പിയാണെന്ന് പറഞ്ഞു. ബേസിലേട്ടനെ വര്‍ഷങ്ങളായി അറിയാം. ഞാന്‍ ഷോര്‍ട്ട് ഫിലിംസ് ചെയ്യുന്ന സമയത്ത് തന്നെ ബേസിലേട്ടനെ അറിയാം. ഷോര്‍ട്ട് ഫിലിംസ് ചെയ്ത ഇന്‍ഡസ്ട്രിയില്‍ വന്നയാളാണ് ബേസിലേട്ടന്‍. ഞാന്‍ ഷോര്‍ട്ട് ഫിലിം ചെയ്ത സമയത്ത് ബേസിലേട്ടന് അയച്ചുകൊടുക്കുമായിരുന്നു.

അത് കണ്ടിട്ട് വെറുതെ തമ്പ്‌സ് അപ്പ് ഇടുക മാത്രമല്ല ബേസിലേട്ടന്‍ ചെയ്യുന്നത്. കൃത്യമായി അതിനൊരു റിവ്യൂ പറയും. ഇനിയൊരു സ്വതന്ത്രസംവിധായകനായി എന്റെ പേര് കാണാന്‍ എനിക്കും ആഗ്രഹമുണ്ട്.’ ദേവദത്ത് പറഞ്ഞു.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബിലാലിനെ പറ്റിയും ദേവദത്ത് സംസാരിച്ചു.

‘ബിലാല്‍ തുടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അമല്‍നീരദിനൊപ്പം ഡയറക്ഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ചേരുന്നത്. എന്നാല്‍ ബിലാല്‍ തീരുമാനിച്ചപ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. അങ്ങനെ അത് നിര്‍ത്തിവെച്ചു. ആ സമയത്താണ് ഭീഷ്മയെന്ന ആലോചന അമല്‍ സാര്‍ മുന്നോട്ടു വെച്ചത്. ഒരു വര്‍ഷം മുന്‍പേ ഭീഷ്മയുടെ കഥ അമല്‍ സാറിന്റെ മനസിലുണ്ടായിരുന്നു, മമ്മൂക്കയെ നായകനാക്കി തന്നെയായിരുന്നു അദ്ദേഹം അത് ആലോചിച്ചത്.

ബിലാല്‍ എന്തായാലും വരും. പക്ഷേ അത് എപ്പോള്‍ വരുമെന്നുള്ളത് അമല്‍ സാറിനും മമ്മൂട്ടി സാറിനും മാത്രമേ അറിയുകയുള്ളു. ഇപ്പോഴുള്ള കൊവിഡ് സാഹചര്യത്തില്‍ എങ്ങനെ അത് വര്‍ക്ക് ഔട്ട് ആക്കാന്‍ പറ്റും എന്നുള്ള കണ്‍ഫ്യൂഷന്‍ മാത്രം. അതല്ലാതെ ബിലാലിന് വേണ്ടി ഞങ്ങള്‍ എല്ലാത്തിനും സെറ്റായിരുന്നു,” ദേവദത്ത് പറഞ്ഞു.

Content Highlight: devdath shaji says basil joseph called him after bheeshma parvam

We use cookies to give you the best possible experience. Learn more