എസ്.ജെ. സൂര്യയുടെ സംവിധാനത്തില്‍ 2004ല്‍ പുറത്ത് വന്ന ചിത്രമാണ് ന്യൂ. തമിഴിലും തെലുങ്കിലും റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ എസ്.ജെ. സൂര്യ തന്നെ നായകനായപ്പോള്‍ തെലുങ്കില്‍ മഹേഷ് ബാബുവായിരുന്നു ഹീറോ. എട്ട് വയസുകാരന്‍ പരീക്ഷണത്തിലൂടെ ഒരു യുവാവായി മാറുന്നതും പിന്നീട് നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്.
ദേവയാനിയാണ് രണ്ട് ഭാഷയിലും നായകന്റെ അമ്മയായി അഭിനയിച്ചത്. സിനിമയുടെ കഥ എസ്.ജെ. സൂര്യ പറയുമ്പോള്‍ അമ്മ റോളില്‍ തനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് ദേവയാനി പറഞ്ഞു.
അന്ന് നായികയായാണ് താന്‍ അഭിനയിച്ചിരുന്നതെന്നും എന്നാല്‍ സൂര്യ നേരില്‍ വന്ന് സംസാരിച്ച് തന്നെ പറഞ്ഞ് മനസിലാക്കുകയായിരുന്നുവെന്നും ദേവയാനി പറഞ്ഞു. സിനി ഉലകം ചാനലില്‍ സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘തെലുങ്ക് സിനിമയിലാണ് ന്യൂ ആദ്യം ചെയ്യുന്നത്. നാനി എന്നായിരുന്നു പേര്. മഹേഷ് ബാബുവിന്റെ അമ്മയായി അഭിനയിക്കണം. കഥ പറഞ്ഞപ്പോള്‍ പറ്റില്ല, ഈ റോള്‍ ചെയ്യില്ല എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ നായികയായി അഭിനയിക്കുകയായിരുന്നു.
തീര്‍ച്ചയായും അഭിനയിക്കണം, ഞാന്‍ ഒരു പത്ത് മിനിട്ട് കൊണ്ട് വീട്ടിലെത്താം, എന്നിട്ട് സംസാരിക്കാം എന്ന് സൂര്യ പറഞ്ഞു. വീട്ടില്‍ വന്ന് കഥ പറഞ്ഞു. ഓരോ രംഗവും പറഞ്ഞ് അഭിനയിച്ച് കാണിച്ചു. ശരിക്കും എന്നെ ഇംപ്രസ് ചെയ്തു. അവസാനം ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു.
എന്നാല്‍ ഈ സിനിമ തമിഴിലും ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. തെലുങ്ക് കഴിഞ്ഞപ്പോള്‍ ഇതിന് തമിഴുമുണ്ട്, അതിലും നീ തന്നെ അഭിനയിക്കണം എന്ന് സൂര്യ പറഞ്ഞു. തമിഴില്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ തന്നെ വേണമെന്ന് സൂര്യ വാശി പിടിച്ചു. അവസാനം തമിഴിലും ഞാന്‍ തന്നെ ചെയ്തു,’ ദേവയാനി പറഞ്ഞു.
ചിത്രത്തിലെ ഹിറ്റായ കാലയില്‍ ദിനമും എന്ന പാട്ടിനെ പറ്റിയും ദേവയാനി സംസാരിച്ചു. ‘അതിലെ വരികളെക്കാളും വലിയ ട്രിബ്യൂട്ട് അമ്മമാര്‍ക്ക് കൊടുക്കാനില്ല. മനോഹരമായ പാട്ടാണ്. ആ പാട്ട് എനിക്ക് ലഭിച്ചതിലും സന്തോഷമുണ്ട്,’ ദേവയാനി കൂട്ടിച്ചേര്‍ത്തു.
Content Highlight: Devayani talks about New movie