| Sunday, 12th January 2014, 6:49 pm

തിരികെ വരുന്നത് എപ്പോഴെന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ ഉത്തരമില്ലാതെയാവുന്നു: ദേവയാനി ഖോബ്രഗഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: തന്റെ കുടുംബത്തിന്റെ കാര്യത്തില്‍ തുടരുന്ന അനിശ്ചിതാവസ്ഥയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ അമര്‍ഷവും ദു:ഖവും രേഖപ്പെടുത്തി.

അമേരിക്കയിലുള്ള ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഇനി തനിക്ക് കാണാനാവുമോയെന്ന് അറിയില്ലെന്ന് ദേവയാനി പറഞ്ഞു.

യു.എസ് വിലക്കേര്‍പ്പെടുത്തിയതിനു പിറകേയാണ് ദേവയാനി തന്റെ കുടുംബത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്.

ഇനി ഭര്‍ത്താവിനേയോ തന്റെ ചെറിയ മക്കളേയോ കാണാനാവുമോ എന്നറിയില്ല, കുടുംബത്തെ കാണാനാവാത്ത വിഷമം ഏറെയാണ്.

താന്‍ ഇപ്പോള്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പുറത്തു പോയിരിയ്ക്കുകയാണെന്നാണ് ഏഴും നാലും വയസായ തന്റെ കുഞ്ഞു മക്കള്‍ കരുതിയിരിയ്ക്കുന്നത്. തിരിച്ച് വീട്ടിലേയ്ക്ക് എന്നു വരുമെന്ന് അവര്‍ ചോദിയ്ക്കുമ്പോള്‍ ഉത്തരമില്ലാതെയായി പോകുന്നു.

ഇനി കരിയര്‍ എന്താകുമെന്നതിനെ കുറിച്ച് ഏറെ ആശങ്കയുണ്ട്. എന്നാല്‍ ഔദ്യോഗികമായ നഷ്ടങ്ങളെക്കാള്‍ വ്യക്തിപരമായ നഷ്ടങ്ങളാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്.

ഇന്ത്യയിലേക്ക് തിരികെ പോന്നുവെങ്കിലും നിയമയുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. താന്‍ സത്യസന്ധയാണെന്ന് തനിക്കറിയാം. എന്നാലത് പുറത്തു വരേണ്ടതുണ്ട്. അതിന് ഇനിയും എത്ര സമയം എടുക്കുമെന്നറിയില്ല. നല്‍കിയ എല്ലാ പിന്തുണയ്ക്കും വിദേശകാര്യ സെക്രട്ടറിയ്ക്കും മന്ത്രിയ്ക്കും നന്ദി പറയുന്നു.- ദേവയാനി പറഞ്ഞു.

വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ദേവയാനിയ്ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷ ഇല്ലാത്തതിനാല്‍ അവര്‍ക്കെതിരെ ഉടന്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുമെന്നും ഭാവിയില്‍ വിസ ലഭിക്കുന്നത് ഒഴിവാക്കാന്‍ ദേവയാനിയുടെ പേര് വിസകുടിയേറ്റ വകുപ്പില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും യു.എസ്. അറിയിച്ചിരുന്നു.

വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഡിംസബര്‍ 12നാണ് ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്. 250,000 ഡോളര്‍ പിഴയടച്ചാണ് ദേവയാനി പിന്നീട് പുറത്തിറങ്ങിയത്.

We use cookies to give you the best possible experience. Learn more