ശബരിമല; റിവ്യു ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍
Kerala News
ശബരിമല; റിവ്യു ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2018, 6:15 pm

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡിനോ സ്വകാര്യ വ്യക്തികള്‍ക്കോ അപ്പീല്‍ പോകാനുള്ള അവകാശമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കടകംപള്ളി അറിയിച്ചു.

“സര്‍ക്കാരിന്റെ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല. ദേവസ്വം ബോര്‍ഡിനോ സ്വകാര്യ വ്യക്തികള്‍ക്കോ അപ്പീല്‍ പോകാനുള്ള അവകാശമുണ്ട്. നിയമപരമായി ഏതറ്റം വരെയും ആര്‍ക്കും പോകാം. അതിന് സര്‍ക്കാര്‍ തടസ്സമല്ല. അതു മാത്രമേ തനിക്ക് പറയാന്‍ കഴിയുകയുള്ളു”. കടകംപള്ളി പറഞ്ഞു.


Read Also : കേസ് കൊടുത്തത് മുസ്‌ലിം അഭിഭാഷകന്‍, പിന്നില്‍ ഐ.എസ്; വീണ്ടും വ്യാജ പ്രചാരണവുമായി സംഘപരിവാര്‍


 

സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹര്‍ജി നല്‍കണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്ന് തീരുമാനിക്കുമെന്ന് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും പത്മകുമാര്‍ പറഞ്ഞു.