| Friday, 16th November 2018, 5:34 pm

ശബരിമല;ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കുമെന്ന് എ.പത്മകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയില്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്. പറ്റുമെങ്കില്‍ നാളത്തന്നെ കോടതിയെ സമീപിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

ആചാരങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവേ പത്മകുമാര്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകനായ ചന്ദ്രോദയ സിങ് ദേവസ്വം ബോര്‍ഡിനായി സുപ്രീംകോടതിയില്‍ ഹാജരാകും. എത്ര സമയം സാവകാശം നല്‍കണമെന്നു തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. എന്തായാലും നാളെയോ അല്ലെങ്കില്‍ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also :മടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സുരക്ഷ ഏജന്‍സി ഇടപെടും; തീരമാനം ആറു മണിക്കെന്ന് തൃപ്തി

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും റിട്ട്, റിവ്യു ഹര്‍ജികളില്‍ എടുത്ത നിലപാടും യോഗം ചര്‍ച്ച ചെയ്തതായി പത്മകുമാര്‍ പറഞ്ഞു. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിക്കും. ഇതിന് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. പമ്പയില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള സാഹചര്യം, വനഭൂമി കൂടുതല്‍ ആവശ്യമാണ് എന്നതുള്‍പ്പെടെ സുപ്രീം കോടതിയെ അറിയിക്കും

ചിത്തിര ആട്ടത്തിരുനാളില്‍ അടക്കം ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ സുപ്രീംകോടതിയില്‍ അറിയിക്കും. തീരുമാനത്തോട് എല്ലാവരും സഹകരിക്കണം. സമാധാനപരമായി ദര്‍ശനം നടത്താന്‍ എല്ലാവരും തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായി പത്മകുമാര്‍ പറഞ്ഞു

വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് പറയേണ്ട കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ചില അവ്യക്തതയുണ്ടെന്നും പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. നിയമപരമായ കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തണമെന്നും അതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more