ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയാണെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Kerala News
ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയാണെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th February 2022, 5:43 pm

പത്തനംതിട്ട: ശബരിമലയില്‍ യുവതി കയറിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്നും, ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയായ അവര്‍ക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍ പറഞ്ഞു.

കുപ്രചാരണത്തിന് പിന്നില്‍ കുബുദ്ധികളാണ്. പ്രചാരണം വന്ന ഘട്ടത്തില്‍ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂര്‍വം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണം. ശബരിമലയില്‍ യുവതി കയറിയെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് ഇന്ദുമതി ചുക്കാപ്പള്ളി. ഇവര്‍ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

Dewsom board president about the controversy regards the visit of chiranjeevi to sabarimala

ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആണ് അവരുടെ ജനന വര്‍ഷം. അതിനാല്‍ തന്നെ ഇതില്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നുമില്ല,’ എ. അനന്തഗോപന്‍ പറഞ്ഞു.

ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള സമയത്താണ് വ്യാജ പ്രചാരണം നടത്താനുള്ള നീക്കം. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

കുംഭമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തിയ തെലുങ്കുനടന്‍ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന് ചിത്രങ്ങള്‍ സഹിതം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.

CONTENT HIGHLIGHTS:  Devaswom Board President A. Anandagopan Rejected the propaganda in the new media that the woman had climbed Sabarimala