തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്‍മാറിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ബോധ്യമായിട്ടുണ്ടാവുമെന്നും തെറ്റിദ്ധാരണയാണ് വിശ്വാസികളെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
“കോണ്‍ഗ്രസും ബി.ജെ.പിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നുള്ളവര്‍ സുപ്രീംകോടതിയില്‍ നല്‍കട്ടെ, സര്‍ക്കാര്‍ ഹരജി നല്‍കില്ല.”
ഇടതുസര്‍ക്കാരോ, സി.പി.ഐ.എമ്മോ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല. വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഹിന്ദു ആചാരങ്ങളില്‍ നിപുണരായവര്‍ അടങ്ങുന്ന കമ്മീഷന്‍ രൂപീകരിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതിയില്‍ പറഞ്ഞത്. ഭരണഘടനയനുസരിച്ചുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബവും പന്തളം മുന്‍രാജകുടുബംവും പിന്‍മാറിയിരുന്നു.
അതേസമയം ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: