പഴുപ്പിച്ച് പഴുത്ത ഇലയാക്കി എന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായി, മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും എ. പത്മകുമാര്‍
Kerala News
പഴുപ്പിച്ച് പഴുത്ത ഇലയാക്കി എന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായി, മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും എ. പത്മകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:00 am

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പാര്‍ട്ടി നേതാവാണെന്നും അദ്ദേഹത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

പഴുപ്പിച്ച് പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായെന്നും പത്മകുമാര്‍ പറഞ്ഞു. “വിവാദങ്ങളുയര്‍ന്നപ്പോള്‍ പല കോണില്‍ നിന്നും ആക്രമണമുണ്ടായി. തന്റെ സ്ഥാനം നഷ്ടപ്പെട്ടാല്‍ സന്തോഷിക്കുന്ന ചിലരാണ് രാജിയെക്കുറിച്ച് പ്രചരിപ്പിച്ചത്.


പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചതാരെന്ന് ഇപ്പോള്‍ പറയുന്നില്ല”- പത്മകുമാര്‍പറഞ്ഞു. മുന്‍കാലങ്ങളില്‍ ചില പ്രസിഡന്റുമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സമാനമായതൊന്നും തനിക്ക് നേരിടേണ്ടി വരില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും കോണ്‍ഗ്രസ് ആര്‍.എസ്.എസിനോട് മത്സരിക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന വിശ്വാസികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അതൊരു സുവര്‍ണാവസരമായി മുതലെടുക്കാമെന്നാണ് ആര്‍.എസ്.എസ് കരുതിയതെന്നും മന്ത്രി പറഞ്ഞിരുന്നു.


ശബരിമല വിധിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വിശ്വാസികളില്‍ത്തന്നെയുണ്ട്. അവരുടെ വാദങ്ങളേയും നിലപാടുകളേയും അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യതയില്‍നിന്ന് ഒളിച്ചോടുകയാണ് ചെന്നിത്തലയടക്കമുള്ളവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.