| Sunday, 11th November 2018, 8:01 am

ശബരിമല സ്ത്രീപ്രവേനം; കോടതിയില്‍ ദേവസ്വം ബോര്‍ഡ് പരോക്ഷമായി എതിര്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ട് യുവതീപ്രവേശത്തെ പരോക്ഷമായി എതിര്‍ത്തുകൊണ്ടുള്ളതാകും. വിധി കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളേയും മോശമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോര്‍ഡിന്റെ അഭിപ്രായങ്ങളടങ്ങിയ പ്രത്യേക കുറിപ്പാവും സുപ്രീംകോടതിക്ക് നല്‍കുക. ഇതുസംബന്ധിച്ച് ബോര്‍ഡിനായി ഹാജരാവുന്ന അഭിഭാഷകനായ ആര്യാമ സുന്ദരവുമായി ചര്‍ച്ചചെയ്യാന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്.

ALSO READ: മണ്ഡല-മകര വിളക്ക് കാലത്ത് ശബരിമലയില്‍ 15000 പൊലീസുകാര്‍ക്ക് ചുമതല

യുവതീപ്രവേശത്തിനെതിെര സ്ത്രീകള്‍ തന്നെയാണ് രംഗത്തുള്ളത്. കോടതിവിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയത് ഭക്തര്‍ക്ക് പകരം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമാണെന്നും കോടതിയെ ധരിപ്പിക്കും. നാല് സ്ത്രീകളാണ് ശബരിമലയില്‍ സ്ത്രീകള്‍ക്കും കയറണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ അതിന്റെ പേരില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കിയത് ഹര്‍ജിക്ക് പുറത്തുള്ള കാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടാകും.

ശബരിമലയിലെ നിലവിലെ സ്ഥിതിയും ആചാരങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. ഈ വിധി എല്ലാ ക്ഷേത്രങ്ങളിലെ ആചാരത്തേയും ചോദ്യം ചെയ്യാനുള്ള ഉപകരണമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയും.

പ്രതിഷേധത്തിന്റെ മറവില്‍ സാമൂഹികവിരുദ്ധരടക്കം കയറി ശബരിമലയുടെ പവിത്രത നശിപ്പിച്ചെന്നും അക്രമസംഭവങ്ങള്‍ സന്നിധാനത്തിന്റെയടക്കം മൂല്യം നഷ്ടപ്പെടുത്തി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടും. വിധിയെത്തുടര്‍ന്നുണ്ടായ സമകാലിക സംഭവങ്ങളും ബോര്‍ഡ് കോടതിയെ അറിയിക്കും.

എന്നാല്‍, ഹിന്ദുക്കള്‍ക്കുമാത്രം പ്രവേശനം എന്ന നിലപാടിനെ റിപ്പോര്‍ട്ട് എതിര്‍ക്കും. എല്ലാ മതസ്ഥരും എത്തുന്ന ക്ഷേത്രമാണ് ശബരിമല. ഒരു മുസ്ലിം പള്ളി കൂടി ശബരിമലയുടെ ഭാഗമായുണ്ട്.അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് മാത്രമുള്ള പ്രവേശനത്തെ റിപ്പോര്‍ട്ടിലൂടെ എതിര്‍ക്കുമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more