| Thursday, 14th April 2016, 7:06 pm

ദേവസ്വം ബോര്‍ഡിലെ ശാന്തി നിയമനം; ശിവഗിരി മഠ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നല്‍കിയിരുന്ന അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ ശാന്തി നിയമനങ്ങള്‍ക്ക് ശിവഗിരി മഠത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നല്‍കിയിരുന്ന അംഗീകാരം ബോര്‍ഡ് പിന്‍വലിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച ബോര്‍ഡിന്റെ പാര്‍ട്ട് ടൈം ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ശിവഗിരി മഠത്തിന്റെ സര്‍ട്ടിഫിക്കറ്റുകളെ ഒഴിവാക്കിയ നടപടിയുള്ളത്.

മുന്‍പ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശിവഗിരി മഠത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ച് ശാന്തിമാരെ
നിയമിച്ചിട്ടുണെന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ ഇത്തവണ ബോര്‍ഡ് പുറത്തിറക്കിയ അംഗീകൃത തന്ത്രിമാരുടെയോ സ്ഥാപനത്തിന്റെയോ പട്ടികയിലോ അനുബന്ധ ഉത്തരവിലോ ശിവഗിരി മഠത്തിന്റെ പേര് വന്നിട്ടില്ല.
സംഭവത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പ്രതിഷേധം രേഖപ്പെടുത്തി. പുതുതായി ബോര്‍ഡ് പുറത്തിറക്കിയ അംഗീകൃത സ്ഥാപനങ്ങളുടെയും തന്ത്രിമാരുടെയും ലിസ്റ്റില്‍ ശിവഗിരി മഠത്തെ ബോധപൂര്‍വം അവഗണിച്ചത്, കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാലഹരണപ്പെട്ട ബ്രാഹ്മണ മേധാവിത്വം വീണ്ടും അടിച്ചേല്‍പ്പിക്കാനാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബ്രാഹ്മണ മേധാവിത്വം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റേയും ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്രാഹ്മണരില്‍ നിന്ന് യോഗ്യരായ ശാന്തിമാര്‍ക്ക് വൈദിക, താന്ത്രിക മേഖലകളില്‍ ആഭിമുഖ്യം ജനിപ്പിക്കുന്നതിനും ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമനം ലഭിക്കുന്നതിനും മഠത്തിന്റെ സര്‍ട്ടിഫിക്കറ്റിന് ബോര്‍ഡ് നല്‍കിയിരുന്ന അംഗീകാരം പ്രയോജനപ്പെട്ടിരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശ്വമാനവിക ദര്‍ശനത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ കാറ്റിപ്പറത്തി പഴയ ബ്രാഹ്മണ മേധാവിത്വ കാലത്തേക്ക് തിരിച്ചുപോകുന്ന ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മഠത്തിന് ആശങ്കയുണ്ടെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

ഹിന്ദുമതത്തില്‍ സാമൂഹ്യനീതി ഉറപ്പ് വരുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ക്ഷേത്ര ശാന്തി ജോലികളില്‍ നിന്ന് മഹാഭൂരിപക്ഷം വരുന്ന അബ്രാഹ്മണരെ അകറ്റി നിര്‍ത്തുന്നത് ആധുനിക പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ കെട്ടുറപ്പ് നിലനിറുത്തുകയാണ് ക്ഷേത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ ചെയ്യേണ്ടതെന്നും അതെല്ലാം മറന്ന് ദേവസ്വം ബോര്‍ഡുകള്‍ ബ്രാഹ്മണമേധാവിത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ പഴയകാലത്തെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചാല്‍ ഭാവിചരിത്രം അവര്‍ക്ക് മാപ്പു നില്‍കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

We use cookies to give you the best possible experience. Learn more