| Saturday, 29th December 2018, 4:36 pm

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡിന് അഭിപ്രായമില്ല, എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരം: ബോര്‍ഡംഗം കെ.പി ശങ്കരദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡിന് അഭിപ്രായമില്ലെന്ന് ബോര്‍ഡംഗം കെ.പി ശങ്കരദാസ്. യുവതികള്‍ വരരുതെന്ന് നിലപാടെടുക്കാന്‍ ബോര്‍ഡിനു സാധിക്കില്ലെന്നും ശങ്കരദാസ് പറഞ്ഞു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശങ്കരദാസ് ഇക്കാര്യം പറഞ്ഞത്.

“യുവതികള്‍ വരരുതെന്ന് ബോര്‍ഡ് അഭിപ്രായം പറയുന്നത് യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടസപ്പെടുത്തുന്നതിന് തുല്യമാകും. വിശ്വാസികളല്ലാത്ത യുവതികളാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്. അത്തരം യുവതികള്‍ വലിയ പബ്ലിസിറ്റി കൊടുത്ത് വരുന്നത് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കും.


ഇതൊഴിവാക്കുന്നതിനാകാം യുവതികള്‍ ശബരിമലയിലേക്ക് തത്കാലം വരരുതെന്ന് പ്രസിഡന്റ് പറഞ്ഞത്. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം സുഗമമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. അദ്ദേഹം ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങി പറഞ്ഞതായിരിക്കില്ലെന്നും” ശങ്കരദാസ് പറഞ്ഞു.

“തെറ്റായ പ്രചാരണം മൂലമാണ് ശബരിമലയിലെ വരുമാനത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 40 കോടിയുടെ കുറവുണ്ടായി. മണ്ഡലകാലത്ത് എത്താത്തിരുന്ന ഇതര സംസ്ഥാന ഭക്തര്‍ മകരവിളക്കിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതര സംസ്ഥാന ഭക്തര്‍ ശബരിമലയ്ക്കായി മാറ്റിവയ്ക്കുന്ന പണം അവിടെത്തന്നെ എത്തിയിരിക്കും.

പല ബിസിനസുകാരും അയ്യപ്പനെ ഒരു പാര്‍ട്ണറായിട്ടാണ് കാണുന്നത്. തീര്‍ത്ഥാടന കാലത്ത് എത്താന്‍ പറ്റിയില്ലെങ്കില്‍ അയ്യപ്പന് വിധിച്ച പണവുമായി അവര്‍ മാസപൂജ സമയത്തെങ്കിലും എത്തിയിരിക്കും- ശങ്കരദാസ് പറയുന്നു.

അതേസമയം, ശബരിമലയിലെത്തിയ യുവതികള്‍ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെത്തിയ യുവതികളുടെ ബോഡി ലാംഗ്വേജില്‍ നിന്ന് ഭക്തരാണെന്ന സൂചന ലഭിക്കുന്നില്ലെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം.


ശബരിമലയിലെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണ്. നഷ്ടപ്പെട്ടു പോയ പ്രതാപം വീണ്ടെടുക്കാനുളള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍. ആക്റ്റിവിസ്റ്റുകളെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പറഞ്ഞുവിടുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ ശ്രദ്ധയോട് കൂടി സഹായിക്കാന്‍ ബാധ്യതപ്പെട്ട മറ്റുചില കേന്ദ്രങ്ങളുണ്ടല്ലോ, ശബരിമലയുടെ കാര്യത്തില്‍ ഇടപെട്ട് കൊണ്ടിരിക്കുന്ന ചില കേന്ദ്രങ്ങള്‍. അവര്‍ കൈ ഒഴിഞ്ഞ് സംസാരിക്കുന്നത് ശരിയല്ല. എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും എ. പദ്മകുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more