ശബരിമല വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
Sabarimala women entry
ശബരിമല വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ല; നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 2:53 pm

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ റിവ്യു ഹരജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. വിധിയ്‌ക്കെതിരെ റിവ്യൂ ഹരജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം.

“ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോര്‍ഡ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.”

മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

ALSO READ: പൊലീസ് വെടിവെച്ചുകൊന്ന ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ കുടുംബത്തിന് 25 ലക്ഷരൂപ സഹായവാഗ്ദാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്ന് യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പത്മകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ഇന്നലെ തിരുവനന്തപുരത്ത് പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിവ്യൂ ഹരജിയുടെ സാധ്യത പരിഗണിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചത്.

“ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം അമ്പലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ: ശബരിമല; മലക്കംമറിഞ്ഞ് ബി.ജെ.പി; വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്ന് ശ്രീധരന്‍ പിള്ള

എന്നാല്‍ ഇന്നലെ താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നതിനെക്കുറിച്ചുള്ള കാര്യം പറഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്റെ സമ്മതത്തോടെ എന്ന തോന്നല്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കര്‍ ദാസ്, രാഘവന്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങളും മറുപടി പറഞ്ഞില്ല.

അതേസമയം റിവ്യൂ ഹരജിയുടെ കാര്യം ഇന്നലെ യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന് ശങ്കര്‍ദാസ് വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: