പത്തനംതിട്ട: സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് പോകുമെന്ന് ഭീഷണിപ്പെടുത്തിയ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. കോടതി വിധി അനുസരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി പറഞ്ഞത് കോടതിവിധിയുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം എറണാകുളം സ്വദേശി രഹനാ ഫാത്തിമ, അന്ധ്രസ്വദേശി കവിത എന്നിവര്‍ ശബരിമലയിലേക്ക് പ്രവേശിക്കാനായെത്തിയപ്പോള്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് കടന്നാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതികളെ പൊലീസ് നടപ്പന്തലില്‍ വെച്ച് തിരിച്ചയക്കുകയാണുണ്ടായത്.
നടയടക്കാന്‍ തന്ത്രിയ്ക്കുമേല്‍ പന്തളം മുന്‍ രാജകുടുംബത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കോടതി വിധി സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചിലരുടെ രാഷ്ട്രീയ അജണ്ടയ്ക്കു നിന്നുകൊടുക്കുകയാണെന്ന് ശങ്കര്‍ദാസ് പറഞ്ഞു. വിശ്വാസികള്‍ വളരെ ആരാധനാപൂര്‍വ്വം കാണുന്ന കുടുംബങ്ങളാണിത്. ഇവര്‍ സമരത്തിലേക്ക് എത്തിക്കുമ്പോള്‍ അത് ഭക്തജനങ്ങളെക്കൂടി വൈകാരികമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ മുതലെടുപ്പിന് അവസരം സൃഷ്ടിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല പതിനെട്ടാം പടിക്കു സമീപം പരികര്‍മ്മികള്‍ കഴിഞ്ഞദിവസം നടത്തിയ സമരത്തിനെതിരെയും അദ്ദേഹം രംഗത്തുവന്നു. പൂജയില്‍ സഹായിക്കുകയാണ് പരികര്‍മ്മികളുടെ ജോലി. നടയടച്ചു സമരം ചെയ്യുന്നതിനല്ല പരികര്‍മ്മികളെ നിയമിച്ചിരിക്കുന്നത്. ഇത് ലംഘിച്ചതിനാല്‍ ദേവസ്വം ബോര്‍ഡ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.