| Wednesday, 4th December 2024, 8:16 pm

അശ്വിനേയും ജഡേജയേയും മാറ്റിയത് ശരിയായ തീരുമാനം: മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചനകള്‍. അശ്വിനും ജഡേജയും ചേര്‍ന്ന് 855 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയെങ്കിലും വിദേശ പിച്ചുകളില്‍ ഇരുവര്‍ക്കും സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ സ്പിന്‍ ജോഡിയിലേക്ക് പകരമായി എത്തിയ യുവ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി.

ദേവാങ് ഗാന്ധി പറഞ്ഞത്

‘നിലവിലെ രൂപമാണ് യഥാര്‍ത്ഥ തീരുമാനം. മുന്‍കാല റെക്കോഡുകള്‍ നോക്കാതെ ആത്മവിശ്വാസമുള്ള കളിക്കാരെയാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരെ വാഷിങ്ടണ്‍ സുന്ദര്‍ നന്നായി ബൗള്‍ ചെയ്തു, മികച്ച ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ കൂടിയാണ് അവന്‍,

സുന്ദറിന് ഓസ്ട്രേലിയയില്‍ ആക്രമണം നടത്താന്‍ കഴിയും, പക്ഷേ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരാണ് മുന്‍നിരയില്‍. മുഹമ്മദ് ഷമി ഫിറ്റ്‌നാണെങ്കില്‍, അവസാന ഘട്ടങ്ങളില്‍ അദ്ദേഹം ഉണ്ടാകും. അതിനാല്‍ പേസര്‍മാരെ സഹായിക്കുന്നതിന് നല്ല ലൈനും ലെങ്തുമായി ബൗള്‍ ചെയ്യുക എന്നതാണ് സ്പിന്നര്‍മാരുടെ ജോലി,

നിങ്ങള്‍ക്ക് ഒരു സ്ഥിരമായ ബാറ്ററെയും ആവശ്യമാണ്. അങ്ങനെയാണെങ്കില്‍ സുന്ദര്‍ ആദ്യ ചോയ്‌സ് ആയിരിക്കും. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് അശ്വിന്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുന്ദര്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്,’ മുന്‍ ഇന്ത്യന്‍ സെലക്ടര്‍ പി.ടി.ഐയില്‍ പറഞ്ഞു.

Content Highlight: Devang Gandhi Talking About Washington Sundar

We use cookies to give you the best possible experience. Learn more