മികച്ച ബാലതാരത്തിന്റെ അവാർഡിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ടുള്ള ദേവനന്ദയുടെ പ്രതികരണം ശ്രദ്ധനേടുന്നു. അവാർഡ് ഒരാൾക്കാണ് കൊടുക്കാൻ പറ്റുകയുള്ളുവെന്നും അവാർഡ് കിട്ടിയ ആൾക്ക് ആശംസകൾ നേരുന്നുവെന്നും ദേവനന്ദ പറഞ്ഞു.
മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദക്ക് അവാർഡ് നൽകാത്തതിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകൾ മുറുകുന്നതിനെ തുടർന്ന് മനോരമ ന്യൂസിനോട് പ്രതികരിക്കുകയുമായിരുന്നു ദേവനന്ദ.
‘ഒരുപാട് പേര് മത്സരിക്കും അതിൽ അവാർഡ് ഒരാൾക്കല്ലേ കൊടുക്കാൻ പറ്റൂ,
അവാർഡ് നേടിയ ആൾക്ക് എന്റെ ആശംസകളും നേരുന്നു,’ ദേവനന്ദ പറഞ്ഞു.
മികച്ച നടനുള്ള സംസ്ഥാന അവാർഡിനർഹനായ മമ്മൂട്ടിക്കും പ്രത്യേക ജൂറി പരാമർശം നേടിയ കുഞ്ചാക്കോ ബോബനും ദേവനന്ദ ആശംസകൾ നേർന്നു.
‘എനിക്ക് ഏറ്റവും സന്തോഷമുള്ളത് മികച്ച നടനുള്ള അവാർഡ് കിട്ടിയത് പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ്. 2018 എന്ന ചിത്രത്തിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടി. അവാർഡ് കിട്ടിയ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ,’ ദേവനന്ദ പറഞ്ഞു.
അതേസമയം മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയതറിയാതെ സ്കൂളിൽ നിന്നും വരുന്ന തന്മയയുടെ വീഡിയോ ശ്രദ്ധനേറ്റിയിരുന്നു. ബന്ധുക്കൾ പറയുമ്പോഴാണ് സ്കൂളി നിന്നും തിരികെ വരുന്ന തന്മയ അവാർഡിന്റെ കാര്യം അറിയുന്നത്. ‘വഴക്ക്’ എന്ന ചിത്തത്തിലെ അഭിനയത്തിനാണ് തന്മയക്ക് മികച്ച ബാല താരത്തിനുള്ള പുരസ്കാരം ലഭിച്ചത്. സനൽ കുമാർ ശശിധരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വഴക്ക്. ക്രൈം ഡ്രാമ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ ടോവിനോയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കനി കുസൃതി, സുദേവ് നായർ, അസീസ്, ബിജു നെറ്റോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Devananda on Kerala State Film Award for child artist