| Thursday, 6th July 2023, 1:54 pm

പലരും ഉപദേശിച്ച് പോയി, പക്ഷേ മമ്മൂട്ടി ഒരക്ഷരം മിണ്ടാതെ എന്റെ കൈ പിടിച്ച് അടുത്തിരുന്നു: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാര്യ മരിച്ച സമയത്ത് മമ്മൂട്ടി നല്‍കിയ ആശ്വാസത്തെ പറ്റി സംസാരിക്കുകയാണ് ദേവന്‍. പലരും വന്ന് തന്നെ ഉപദേശിച്ച് പോയെന്നും എന്നാല്‍ മമ്മൂട്ടി ഒന്നും പറയാതെ തന്റെ കൈ പിടിക്കുകയാണുണ്ടായതെന്നും ദേവന്‍ പറഞ്ഞു. അതാണ് തനിക്ക് ഏറ്റവും വലിയ ആശ്വാസമായതെന്നും അദ്ദേഹത്തിന്റെ മനസ് തനിക്ക് മനസിലായെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

‘എന്റെ ജീവിതത്തിലെ വലിയ ആഘാതമായിരുന്നു ഭാര്യയുടെ മരണം. അപ്രതീക്ഷിതമായി സംഭവിച്ചതാണ്. കുറെ ആളുകള്‍ വന്ന് സംസാരിക്കും. എല്ലാവരും മരിക്കേണ്ടവരല്ലേ, ജീവിതമെന്ന് പറഞ്ഞാല്‍ എന്ന് പറഞ്ഞ് ചില ഉപദേശങ്ങളൊക്കെ പറയും. ഒരു മരണവീട്ടില്‍ ചെന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പോകും, നീ വിഷമിക്കരുത് എന്ന് പറയുന്നവരാണ് കൂടുതലും.

ഞാന്‍ വിഷമിച്ചിരിക്കുകയാണ്. മമ്മൂട്ടി വന്ന് എന്റെ അടുത്തിരുന്നു, എന്റെ കൈ പിടിച്ചു, ഒരക്ഷരം പറയുന്നില്ല, അതിലും വലിയ ഒരു ആശ്വാസം ഇല്ല, അതാണ് ഏറ്റവും വലിയ സംഗതി. കാരണം ആ കയ്യിലൂടെ ഞാന്‍ ആ മനസ് അറിഞ്ഞു. അതിലൂടെ ഒരു കറണ്ട് പോവുന്നതായി തോന്നി. ആ ഇരിപ്പ് കുറേ നേരം അയാള്‍ ഇരുന്നു. കുറച്ചുകഴിഞ്ഞ് ഒന്ന് മൂളിയിട്ട് എഴുന്നേറ്റ് പോയി,’ ദേവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ആരണ്യകം എന്ന സിനിമയില്‍ താന്‍ അവതരിപ്പിച്ച നക്‌സലൈറ്റിന്റെ കഥാപാത്രം മമ്മൂട്ടിയെ മനസില്‍ കണ്ടാണ് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയതെന്നും സംവിധായകന്‍ ഹരിഹരന്‍ തന്നെ വിളിക്കുകയായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.

‘താന്‍ താടി വളര്‍ത്തണം, ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന് ഒരിക്കല്‍ ഹരിഹരന്‍ സാര്‍ എന്നോട് പറഞ്ഞു. ഒരു നക്സലൈറ്റിന്റെ കഥയാണ്, നക്സലൈറ്റായാണ് ഞാന്‍ അഭിനയിക്കേണ്ടത്. എം.ടിയാണ് എഴുതുന്നത്. എനിക്ക് ഭയങ്കര സന്തോഷമായി. അന്ന് മുതല്‍ ഞാന്‍ താടി വളര്‍ത്തി തുടങ്ങി.

ഒരു ദിവസം ഹരന്‍ സാര്‍ വിളിച്ച് ചെറിയൊരു പ്രശ്നമുണ്ടെടോ എന്ന് പറഞ്ഞു. എം.ടി. സമ്മതിക്കുന്നില്ല, സ്ത്രീകളെ വെച്ച് ശക്തമായ കഥാപാത്രങ്ങള്‍ എഴുതുന്ന ആളാണ് എം.ടി. അദ്ദേഹത്തിന്റെ ആദ്യത്തെ ശക്തനായ പുരുഷ കഥാപാത്രമാണ് ഈ നക്സലേറ്റ്. അത് ചെയ്യാന്‍ പറ്റിയ എക്സ്പീരിയന്‍സ് ദേവനില്ല, ദേവനെക്കൊണ്ട് ഈ കഥാപാത്രത്തെ ചെയ്യിക്കുന്നത് അബദ്ധമാണ്, മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ഞാന്‍ ആ കഥാപാത്രം എഴുതിയത് എന്ന് എം.ടി. സാര്‍ പറഞ്ഞു. ഹരന്‍ സാര്‍ വിഷമിച്ചാണ് ഇത് എന്നോട് പറഞ്ഞത്. സാരമില്ല സാര്‍, അത് ഓരോരുത്തരുടെ വിധിയല്ലേ, നമുക്ക് തടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. താന്‍ എന്തായാലും താടി കളയണ്ട, അവിടെ ഇരിക്കട്ടെ എന്ന് ഫോണ്‍ വെക്കുന്നതിന് മുമ്പ് ഹരന്‍ സാര്‍ പറഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം ഹരന്‍ സാറിന്റെ കോള്‍ വന്നു. നാളെ രാവിലെ ആറ് മണിക്ക് കല്‍പറ്റയിലെത്താന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയില്‍ നിന്നും കാറോടിച്ച് കല്‍പറ്റിയില്‍ ചെന്നു. വേഗം റെഡിയായിക്കോ പോകാമെന്ന് പറഞ്ഞു. ലൊക്കേഷനില്‍ ചെന്നു, ഒരു ബാഗും ബീഡിയും തന്നു, അവിടെ നിന്നും ഇങ്ങോട്ടേക്ക് നടന്നുവരാന്‍ സാര്‍ പറഞ്ഞു. ഞാന്‍ നടന്നു. എനിക്ക് ഒന്നും മനസിലായില്ല. പടത്തിന്റെ ഷൂട്ടിങ് തുടങ്ങി. ഞാന്‍ പിന്നെ ഒന്നും ചോദിക്കാനും പോയില്ല,’ ദേവന്‍ പറഞ്ഞു.

Content Highlight:  Devan talks about the relief given by Mammootty

We use cookies to give you the best possible experience. Learn more