| Wednesday, 12th July 2023, 9:24 am

ഹരിഹരന്‍ സാര്‍ അടുത്തുവന്ന് ജയ് ശ്രീ റാം, ജയ് ആഞ്ജനേയ എന്ന് പറഞ്ഞു, ആ ഷോട്ട് ഓക്കെയായി: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി വന്നത് നടന്‍ ദേവനായിരുന്നു. ആരണ്യകത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് ദേവന്‍.

ആ ഷോട്ടില്‍ ‘ഞാന്‍’ എന്നൊരു വാക്കില്ലാതെ മറ്റ് ഡയലോഗ് ഇല്ലായിരുന്നു എന്നും അതില്‍ തനിക്ക് ആശങ്കകളുണ്ടായിരുന്നുവെന്നും ദേവന്‍ പറഞ്ഞു. ഒടുവില്‍ ഹരിഹരന്‍ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കുകയായിരുന്നുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

‘അതിന്റെ ക്ലൈമാക്‌സില്‍ പൊലീസ് വളയുകയാണ്. അപ്പോള്‍ നായിക ഓടിവന്ന് എന്നോട് ഓടിരക്ഷപ്പെട്ടോളാന്‍ പറയും. ആ സീനെടുക്കുകയാണ്. എനിക്ക് ഡയലോഗൊന്നുമില്ല. ഞാന്‍ എന്നെഴുതി കുറേ കുത്തിട്ട് വെച്ചിരിക്കുകയാണ് എം.ടി., പിന്നെ ഒന്നും പറയുന്നില്ല.

ഈ കുത്തുകളുടെ അര്‍ത്ഥം നിനക്ക് അറിയാമോ എന്ന് ഹരിഹരന്‍ സാര്‍ ചോദിച്ചു. എനിക്ക് വലിയ പിടിപാടില്ല എന്ന് പറഞ്ഞു. അതായത് ഈ കുട്ടിയോട് നിങ്ങള്‍ക്ക് നന്ദിയാണോ പ്രണയമാണോ സ്‌നേഹമാണോ ഏത് വികാരമാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. കാരണം തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ആ കുട്ടി വന്നിരിക്കുന്നത്. അങ്ങനെ പല വികാരങ്ങളുണ്ട്. ഇത് മുഴുവനും ഈ ഷോട്ടില്‍ പ്രകടിപ്പിക്കണം എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു.

ഈ ഷോട്ട് ഇതുപോലെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എം.ടി. വാസുദേവന്‍ നായര്‍ സാറിന് മുന്നില്‍ ഞാന്‍ നാണം കെട്ടുപോവും, തന്റെ കയ്യിലാണ് എല്ലാമിരിക്കുന്നത് എന്ന് കൂടി ഹരിഹരന്‍ സാര്‍ പറഞ്ഞു. ഡയലോഗ് ഉണ്ടെങ്കില്‍ എങ്ങനെയെങ്കിലും ഒപ്പിക്കാന്‍ പറ്റും. ഇതിലൊന്നുമില്ല, ഞാന്‍ മാത്രമേ ഉള്ളൂ.

അവസാനം ആ ഷോട്ട് തുടങ്ങി. ഞാന്‍ എന്തൊക്കെയോ കോപ്രാട്ടികള്‍ കാണിച്ചു. ഇത് പോര, ഒന്നുകൂടി എടുക്കാം എന്ന് ഹരന്‍ സാര്‍ പറഞ്ഞു. ഞാന്‍ പിന്നേയും ചെയ്തു. ഒന്നുകൂടി എടുക്കാം എന്ന് പറഞ്ഞ് ഹരിഹരന്‍ സാര്‍ അടുത്തേക്ക് വന്നു. കൈ കൊണ്ട് കുറേ ആക്ഷന്‍ കാണിച്ച് ജയ് ശ്രീ റാം, ജയ് ആഞ്ജനേയ, സ്റ്റാര്‍ട്ട് ക്യാമറ ചെയ്യ് എന്ന് പറഞ്ഞു. ഞാന്‍ എന്തോ ചെയ്തു. ഓക്കെ, താന്‍ എന്നെ രക്ഷപ്പെടുത്തി എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു. അദ്ദേഹം കറക്ടായിട്ട് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുത്തതാണ്,’ ദേവന്‍ പറഞ്ഞു.

Content Highlight: devan talks about the climax shoot of aaranyakam

We use cookies to give you the best possible experience. Learn more