എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. നടന്‍ ദേവനാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടിയെ മനസില്‍ കണ്ട് എം.ടി. എഴുതിയ കഥാപാത്രമാവാന്‍ ദേവനെ വിളിച്ചത് ഹരിഹരനായിരുന്നു.
ചിത്രം കണ്ടതിന് ശേഷം എം.ടി. വാസുദേവന്‍ വിളിച്ച് അഭിപ്രായം പറഞ്ഞതിനെ പറ്റി സംസാരിക്കുകയാണ് ദേവന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
‘ആരണ്യകത്തിന്റെ ഷൂട്ട് കഴിഞ്ഞ് ഫസ്റ്റ് പ്രിന്റായപ്പോള്‍ ഹരിഹരന്‍ സാര്‍ എന്നെ വിളിച്ചു. ഇന്ന് എം.ടി. വാസുദേവന്‍ നായരും ഞാനും കൂടി പടം കാണുന്നുണ്ട്, ഒന്ന് പ്രാര്‍ത്ഥിച്ചോടാ എന്ന് പറഞ്ഞു. അന്ന് ഞാന്‍ ചെന്നൈയിലാണ്. പടം കണ്ടതിന് ശേഷം രാത്രിയായപ്പോള്‍ ഹരിഹരന്‍ സാര്‍ എന്നെ വിളിച്ചു. ഞാന്‍ ഒരാളുടെ കയ്യില്‍ കൊടുക്കാമെന്ന് പറഞ്ഞ് എം.ടി. സാറിന് ഫോണ്‍ കൊടുത്തു.
ഞങ്ങള്‍ പടം കണ്ടു, മമ്മൂട്ടിയാണ് ആ കഥാപാത്രം ചെയ്തിരുന്നതെങ്കില്‍ ഞാനൊരുപക്ഷേ മമ്മൂട്ടിയെ സ്‌ക്രീനില്‍ കണ്ടേനേ, ഞാന്‍ എന്റെ കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടു എന്ന് അദ്ദേഹം പറഞ്ഞു. ഇതിലും വലിയ കോംപ്ലിമെന്റ് വല്ലതുമുണ്ടോ. ഹരിഹരന്‍ സാര്‍ ഇത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇതൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല.
അവര്‍ ഇത് ചിലപ്പോള്‍ ഓര്‍ത്തു എന്ന് വരില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരിക്കലും നടനാവാന്‍ ആഗ്രഹിക്കാതെ സിനിമയില്‍ വന്ന ഞാന്‍ ഇത് ചെയ്തു. ഓരോ ഷോട്ടും എന്റെ മനസില്‍ വ്യക്തമായി വെളിച്ചത്തോടെ നില്‍ക്കുകയാണ്,’ ദേവന്‍ പറഞ്ഞു.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും ദേവന്‍ പങ്കുവെച്ചു. ‘അതിന്റെ ക്ലൈമാക്സില്‍ പൊലീസ് വളയുകയാണ്. അപ്പോള്‍ നായിക ഓടിവന്ന് എന്നോട് ഓടിരക്ഷപ്പെട്ടോളാന്‍ പറയും. ആ സീനെടുക്കുകയാണ്. എനിക്ക് ഡയലോഗൊന്നുമില്ല. ഞാന്‍ എന്നെഴുതി കുറേ കുത്തിട്ട് വെച്ചിരിക്കുകയാണ് എം.ടി., പിന്നെ ഒന്നും പറയുന്നില്ല.
ഈ കുത്തുകളുടെ അര്‍ത്ഥം നിനക്ക് അറിയാമോ എന്ന് ഹരിഹരന്‍ സാര്‍ ചോദിച്ചു. എനിക്ക് വലിയ പിടിപാടില്ല എന്ന് പറഞ്ഞു. അതായത് ഈ കുട്ടിയോട് നിങ്ങള്‍ക്ക് നന്ദിയാണോ പ്രണയമാണോ സ്നേഹമാണോ ഏത് വികാരമാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. കാരണം തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ആ കുട്ടി വന്നിരിക്കുന്നത്. അങ്ങനെ പല വികാരങ്ങളുണ്ട്. ഇത് മുഴുവനും ഈ ഷോട്ടില്‍ പ്രകടിപ്പിക്കണം എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു.
അവസാനം ആ ഷോട്ട് തുടങ്ങി. ഞാന്‍ എന്തൊക്കെയോ കോപ്രാട്ടികള്‍ കാണിച്ചു. ഇത് പോര, ഒന്നുകൂടി എടുക്കാം എന്ന് ഹരന്‍ സാര്‍ പറഞ്ഞു. ഞാന്‍ പിന്നേയും ചെയ്തു. ഒന്നുകൂടി എടുക്കാം എന്ന് പറഞ്ഞ് ഹരിഹരന്‍ സാര്‍ അടുത്തേക്ക് വന്നു. കൈ കൊണ്ട് കുറേ ആക്ഷന്‍ കാണിച്ച് ജയ് ശ്രീ റാം, ജയ് ആഞ്ജനേയ, സ്റ്റാര്‍ട്ട് ക്യാമറ ചെയ്യ് എന്ന് പറഞ്ഞു. ഞാന്‍ എന്തോ ചെയ്തു. ഓക്കെ, താന്‍ എന്നെ രക്ഷപ്പെടുത്തി എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു. അദ്ദേഹം കറക്ടായിട്ട് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുത്തതാണ്,’ ദേവന്‍ പറഞ്ഞു.
Content Highlight: devan talks about mt vasudevan nair’s compliment