| Saturday, 1st July 2023, 9:31 am

'ദേവനെക്കൊണ്ട് ചെയ്യിക്കുന്നത് അബദ്ധമാണ്, മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ഞാന്‍ ആ കഥാപാത്രം എഴുതിയത് എന്ന് എം.ടി. പറഞ്ഞു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍- എം.ടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ 1988ല്‍ പുറത്ത് വന്ന ചിത്രമാണ് ആരണ്യകം. ദേവന്‍, സലീമ, വിനീത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ദേവന്റെ കരിയറില്‍ വേറിട്ട് നില്‍ക്കുന്ന വേഷം കൂടിയാണ് ആരണ്യകത്തിലെ നക്‌സലൈറ്റ് കഥാപാത്രം. മമ്മൂട്ടിയെ മനസില്‍ കണ്ട് എം.ടി. എഴുതിയ സിനിമയിലേക്ക് എത്തിയതിന് പറ്റി പറയുകയാണ് ദേവന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ആരണ്യകത്തെ പറ്റി സംസാരിച്ചത്.

‘താന്‍ താടി വളര്‍ത്തണം, ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന് ഒരിക്കല്‍ ഹരിഹരന്‍ സാര്‍ എന്നോട് പറഞ്ഞു. ഒരു നക്‌സലൈറ്റിന്റെ കഥയാണ്, നക്‌സലൈറ്റായാണ് ഞാന്‍ അഭിനയിക്കേണ്ടത്. എം.ടിയാണ് എഴുതുന്നത്. എനിക്ക് ഭയങ്കര സന്തോഷമായി. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഹരിഹരന്‍-എം.ടി എന്ന് പറയുന്ന ടീമിന്റെ പടത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുന്നത് മഹാഭാഗ്യമാണ്. അന്ന് മുതല്‍ ഞാന്‍ താടി വളര്‍ത്തി തുടങ്ങി.

ഒരു ദിവസം ഹരന്‍ സാര്‍ വിളിച്ച് ചെറിയൊരു പ്രശ്‌നമുണ്ടെടോ എന്ന് പറഞ്ഞു. എം.ടി. സമ്മതിക്കുന്നില്ല, സ്ത്രീകളെ വെച്ച് ശക്തമായ കഥാപാത്രങ്ങള്‍ എഴുതുന്ന ആളാണ് എം.ടി. അദ്ദേഹത്തിന്റെ ആദ്യത്തെ ശക്തനായ പുരുഷ കഥാപാത്രമാണ് ഈ നക്‌സലേറ്റ്. അത് ചെയ്യാന്‍ പറ്റിയ എക്‌സ്പീരിയന്‍സ് ദേവനില്ല, ദേവനെക്കൊണ്ട് ഈ കഥാപാത്രത്തെ ചെയ്യിക്കുന്നത് അബദ്ധമാണ്, മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ഞാന്‍ ആ കഥാപാത്രം എഴുതിയത് എന്ന് എം.ടി. സാര്‍ പറഞ്ഞു. ഹരന്‍ സാര്‍ വിഷമിച്ചാണ് ഇത് എന്നോട് പറഞ്ഞത്.

നിങ്ങളെ വെച്ച് നടക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് ഹരന്‍ സാര്‍ പറഞ്ഞു. എനിക്ക് ഭയങ്കര വിഷമമായി. സാരമില്ല സാര്‍, അത് ഓരോരുത്തരുടെ വിധിയല്ലേ, നമുക്ക് തടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. താന്‍ എന്തായാലും താടി കളയണ്ട, അവിടെ ഇരിക്കട്ടെ എന്ന് ഫോണ്‍ വെക്കുന്നതിന് മുമ്പ് ഹരന്‍ സാര്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ ആരണ്യകത്തിന്റെ ഷൂട്ട് തുടങ്ങി എന്ന് ഞാന്‍ അറിഞ്ഞു. മമ്മൂട്ടിയെ പോലെ ഒരു ആക്ടര്‍ ആ കഥാപാത്രം ചെയ്യാന്‍ തയാറായി വന്നാല്‍ നിര്‍മാതാവ് സ്വഭാവികമായും അങ്ങോട്ടല്ലേ പോവുകയുള്ളൂ. അന്ന് മമ്മൂട്ടി വലിയ സ്റ്റാര്‍ഡത്തില്‍ നില്‍ക്കുന്ന ആളാണ്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടുമ്പോള്‍ ദേവന്‍ പിന്നെ ഒന്നുമല്ല. ഞാന്‍ അത് വിട്ടു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം ഹരന്‍ സാറിന്റെ കോള്‍ വന്നു. നാളെ രാവിലെ ആറ് മണിക്ക് കല്‍പറ്റയിലെത്താന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയില്‍ നിന്നും കാറോടിച്ച് കല്‍പറ്റിയില്‍ ചെന്നു. വേഗം റെഡിയായിക്കോ പോകാമെന്ന് പറഞ്ഞു. ലൊക്കേഷനില്‍ ചെന്നു, ഒരു ബാഗും ബീഡിയും തന്നു, അവിടെ നിന്നും ഇങ്ങോട്ടേക്ക് നടന്നുവരാന്‍ സാര്‍ പറഞ്ഞു. ഞാന്‍ നടന്നു. എനിക്ക് ഒന്നും മനസിലായില്ല. പടത്തിന്റെ ഷൂട്ടിങ് തുടങ്ങി. ഞാന്‍ പിന്നെ ഒന്നും ചോദിക്കാനും പോയില്ല,’ ദേവന്‍ പറഞ്ഞു.

Content Highlight: devan talks about aaranyakam movie

We use cookies to give you the best possible experience. Learn more