താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനോട് ഭാര്യയ്ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും രാഷ്ട്രീയം നമുക്ക് പറ്റിയതല്ലെന്ന് ഭാര്യ കരഞ്ഞു പറഞ്ഞിട്ടുണ്ടെന്നും നടന്‍ ദേവന്‍. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ തുറന്നു പറച്ചില്‍.
പ്രചാരണമെല്ലാം കഴിഞ്ഞു വന്ന ഒരു ദിവസമാണ് ഭാര്യ തന്നോട് രാഷ്ട്രീയമെല്ലാം നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചതെന്ന് ദേവന്‍ പറയുന്നു. ക്ഷീണിതനായി വിയര്‍ത്തു കുളിച്ച് വന്ന തന്നെ കണ്ട് ഭാര്യ സുമ വല്ലാതെ വിഷമിച്ചുവെന്നും രാഷ്ട്രീയം നമുക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞുവെന്നും ദേവന്‍ പറയുന്നു.
ജീവിക്കാന്‍ ആവശ്യത്തിനുള്ള പണം നമുക്കുണ്ടല്ലോ എന്നും പിന്നെന്തിനാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും ഭാര്യ ചോദിച്ചു. എന്നാല്‍ ഇതെല്ലാം നമുക്ക് മാത്രം പോരല്ലോ എന്നാണ് ഞാന്‍ അവളോട് പറഞ്ഞത്, ദേവന്‍ പറഞ്ഞു.
മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്തയാണ് തന്നെ രാഷ്ട്രീയത്തിലേക്കിറക്കിയതെന്നും അഭിമുഖത്തില്‍ ദേവന്‍ പറയുന്നു.
കേരള പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങാനിരുന്ന ഘട്ടത്തില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവം കൗമുദിയുടെ മറ്റൊരു അഭിമുഖത്തില്‍ ദേവന്‍ തുറന്നു പറഞ്ഞിരുന്നു. പുതിയ പാര്‍ട്ടി തുടങ്ങുന്നതിനുള്ള കാരണം മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കണമെന്ന് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിന്റെ ഭാഗമായി 500 ഓളം പേരുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുത്തുവെന്നും അതില്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നുവെന്നും ദേവന്‍ പറഞ്ഞു.
മീറ്റിങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിനുള്ള കാരണമെന്തെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞ ഉത്തരം കേട്ട് എല്ലാവരും അഭിനന്ദിച്ച അനുഭവത്തെക്കുറിച്ചും ദേവന്‍ പറഞ്ഞു.
‘മീറ്റിങ്ങില്‍ വെച്ച് ഒരാള്‍ ചോദിച്ചു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിനുള്ള കാരണമെന്താണെന്ന്. ഉടന്‍ തന്നെ ഐ ലവ് മൈ കണ്‍ട്രി എന്ന് ഞാന്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ മറ്റൊരാള്‍ എണീറ്റു നിന്ന് പറഞ്ഞു, ഈ ചോദ്യം ഇവിടെ വന്ന വലിയ വലിയ രാഷ്ട്രീയ പാര്‍ട്ടികാരോടെല്ലാം ചോദിച്ചിരുന്നുവെന്നും അവരെല്ലാം ഉത്തരം പറയാന്‍ പത്ത് പതിനഞ്ച് മിനുട്ട് എടുത്തുവെന്നും. എന്നാല്‍ ദേവന്‍ ഉത്തരം നല്‍കിയത് ഒറ്റവാക്കിലാണെന്നും പറഞ്ഞ് അവര്‍ എന്നെ അഭിനന്ദിച്ചു’, ദേവന്‍ പറയുന്നു.
തന്റെ ആ ഉത്തരത്തില്‍ എല്ലാമുണ്ടായിരുന്നുവെന്നും ദേവന്‍ പറയുന്നു. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ തനിക്ക് മാത്രമാണ് ചങ്കൂറ്റത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ കഴിഞ്ഞതെന്നും കേരളം വളരെ പ്രബുദ്ധമാണെങ്കിലും ആ പ്രബുദ്ധതയാണ് കേരളത്തിന്റെ പ്രശ്നമെന്നും അഭിമുഖത്തില്‍ ദേവന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക